Saturday, May 4, 2024
spot_img

സവർക്കറെ പരിഹസിക്കുന്നത് തുടർന്നാൽ സഹിക്കില്ല; പ്രതിപക്ഷ നിരയിൽ നിന്നും രാഹുൽ ഗാന്ധിക്ക് വിമർശനം; സവർക്കർ മഹാരാഷ്ട്രയുടെ ആരാധനാപാത്രമെന്ന് ഉദ്ധവ് താക്കറെ

മുംബൈ: പ്രതിപക്ഷ നിരയിൽ നിന്നും രാഹുൽ ഗാന്ധിക്ക് രൂക്ഷവിമർശനം. സവർക്കറെ പരിഹസിക്കുന്നത് തുടർന്നാൽ സഹിക്കില്ലെന്ന് വ്യക്തമാക്കി ഉദ്ധവ് താക്കറെ. വിവാദമായ ‘മോദി’ പരാമർശത്തിൽ മാപ്പുപറയാൻ താൻ സവർക്കറല്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം സവർക്കറേ പരിഹസിക്കാൻ ശ്രമിക്കുന്ന രാഹുലിന് മറുപടിയായാണ് ഉദ്ധവ് താക്കറെയുടെ പരാമർശം. വിനായക് സവർക്കറെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചാൽ സഹിക്കില്ല പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴാനും ഇത്തരം പരിഹാസങ്ങൾ കാരണമാകാമെന്ന് ഉദ്ധവ് മുന്നറിയിപ്പു നൽകി. സവർക്കർ തന്റെ ആരാധനാ പാത്രമാണെന്ന് തുറന്നുപറഞ്ഞ ഉദ്ധവ്, അദ്ദേഹത്തെ പരിഹസിക്കുന്നതിൽനിന്ന് രാഹുൽ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.

‘ആൻഡമാൻ സെല്ലുലാർ ജയിലിൽ 14 വർഷത്തോളം ചിന്തിക്കാൻ പോലുമാകാത്ത തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയനായ വ്യക്തിയാണ് സവർക്കർ. നമുക്കൊക്കെ അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ച് വായിക്കാനേ കഴിയൂ. അതൊരു തരം ത്യാഗം തന്നെയാണ്. സവർക്കറെ അപമാനിക്കുന്ന യാതൊരു പരാമർശവും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല’ – ഉദ്ധവ് താക്കറെ വ്യക്തമാക്കി.
‘വീർ സവർക്കർ ഞങ്ങളുടെ ദൈവമാണ്. അദ്ദേഹത്തിനെതിരായ യാതൊരു വിധത്തിലുള്ള അനാദരവും പ്രോത്സാഹിപ്പിക്കില്ല. പോരാട്ടത്തിൽ ഞങ്ങൾ തീർച്ചയായും മുൻനിരയിൽത്തന്നെയുണ്ട്. പക്ഷേ ഞങ്ങളുടെ ദൈവത്തെ അപമാനിക്കുന്നത് സഹിക്കില്ല’ – ഉദ്ധവ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു എന്ന കോൺഗ്രസിന്റെ അവകാശവാദങ്ങൾക്കിടയിലാണ് പ്രതിപക്ഷനിരയിൽ നിന്നുതന്നെ രാഹുലിനെതിരെ വിമർശനമുയരുന്നത്

Related Articles

Latest Articles