Monday, April 29, 2024
spot_img

നാട്ടിലെ വീടുകള്‍ക്കെല്ലാം പേര് ഒന്നായിരുന്നു-പാര്‍പ്പിടം! പേരിന് പിന്നിലെ കഥ ഇത്…

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകർന്ന അതുല്യ പ്രതിഭ തന്നെയാണ് ഇന്നസെന്റ്.കൗതുകകരമായ പല സവിശേഷതകളുമുണ്ടായിരുന്നു ഇന്നസെന്റിന്.വ്യക്തിപരമായ പല തെരഞ്ഞെടുപ്പുകളുടെയും പിന്നിലുള്ള രഹസ്യം നടൻ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.അതിലൊന്നായിരുന്നു അദ്ദേഹത്തിന്‍റെ വീടുകളുടെ പേര്.ഇരിങ്ങാലക്കുടയില്‍ ഇന്നസെന്റ് വച്ച വീടുകളുടെയൊക്കെ പേര് പാര്‍പ്പിടം എന്നായിരുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിലാണ് ഇന്നസെന്റ് സ്വന്തമായി ഒരു വീട് ആദ്യം പണിയുന്നത്. എന്നാല്‍ പുറമേനിന്ന് ആ വീട് കണ്ടാല്‍ അതൊരു വീട് പോലെയല്ല, മറിച്ച് കപ്പേള പോലെയാണ് തോന്നുകയെന്ന് പല പരിചയക്കാരും ഇന്നസെന്‍റിനോട് പറഞ്ഞിരുന്നു. അദ്ദേഹവും അത് സമ്മതിച്ചു. എന്നാല്‍ അങ്ങനെ ചോദിക്കുന്നവരോട് പറയാന്‍ ഇന്നസെന്റ് സ്റ്റൈലില്‍ ഒരു രസികന്‍ മറുപടി ഉണ്ടായിരുന്നു. പള്ളിയോ ക്ഷേത്രമോ ആണെന്ന് കരുതി വീടിനു മുന്നില്‍ ആരെങ്കിലും പൈസ കാണിക്കയായി ഇട്ടാല്‍ വയസു കാലത്ത് അതുവച്ച് ജീവിക്കാമല്ലോ എന്നായിരുന്നു അത്. എന്നാല്‍ ആ തമാശ കൊണ്ടും ആളുകളുടെ ചോദ്യം അടങ്ങാതെ വന്നപ്പോഴാണ് ഇന്നസെന്റ് വീടിന് പാര്‍പ്പിടം എന്ന പേരിട്ടത്. അങ്ങനെ തന്നെ പേരിട്ടാല്‍ പിന്നെ ആളുകള്‍ക്ക് സംശയം വരേണ്ടല്ലോ!

ആ പേരിട്ടത് സിനിമയിൽ അദ്ദേഹത്തിന്റെ അടുത്ത സു​ഹത്തായ നെടുമുടി വേണു ആയിരുന്നു. കാശ് മുടക്കി വീട് വച്ചിട്ടും ആളുകള്‍ പകുതി തമാശയ്ക്കാണെങ്കിലും ഇങ്ങനെ പറയുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നെടുമുടിയോട് പങ്കുവച്ചു. ഇന്നസെന്റിന് ആ പേര് ബോധിച്ചു. വാസ സ്ഥലം എന്നര്‍മുള്ള പാര്‍പ്പിടം എന്ന പേര് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് റോഡിലെ വീടിന് മുന്നില്‍ എഴുതിവച്ചു. പിന്നീട് രണ്ട് വീടുകള്‍ കൂടി ഇരിങ്ങാലക്കുടയില്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. തെക്കേ അങ്ങാടിയിലായിരുന്നു അവ. ആ വീടുകള്‍ക്കും പാര്‍പ്പിടമെന്നു തന്നെ ഇന്നസെന്റ് പേരിട്ടു.

Related Articles

Latest Articles