ദില്ലി: സിഖ് മത വിശ്വാസികളുടെ പ്രധാന ആരാധനാലയങ്ങളിലൊന്നായ ദില്ലിയിലെ ഗുരുദ്വാരയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ചരിത്രപ്രസിദ്ധമായ റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. ഔറംഗസേബ് വധിച്ച ഗുരു തേജ് ബഹദൂറിന്റെ മൃതദേഹം സംസ്കരിച്ച സ്ഥലമാണ് റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാര.
മുന്‍കൂട്ടി നിശ്ചയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അതിനാൽ സന്ദർശന സമയത്ത് ഗുരുദ്വാരയിൽ പൊലീസിന്റെ പ്രത്യേക നിയന്ത്രണങ്ങളോ ഗതാഗത നിയന്ത്രണമോ ഉണ്ടായിരുന്നില്ല. സാധാരണക്കാരുടെ സന്ദര്‍ശനത്തിന് ഒരു തരത്തിലുള്ള തടസവും സൃഷ്ടിക്കാതെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പൂര്‍ത്തിയായത്.
ലോകത്തെ ലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ഗുരു തേജ് ബഹദൂറിന്റെ കാരുണ്യത്തിൽ നിന്നും പ്രചോദിതനായെന്നും, അനുഗ്രഹീതനായെന്നും സന്ദർശനത്തിനു ശേഷം മോദി ട്വിറ്ററിൽ കുറിച്ചു. സിഖ് മത വിശ്വാസികളുടെ പ്രധാന ആരാധനാലയങ്ങളിലൊന്നാണ് ദില്ലിയിലെ റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാര. സന്ദർശനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗുരുദ്വാര സന്ദർശനത്തിനിടെ ജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

