Tuesday, April 30, 2024
spot_img

ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തി നരേന്ദ്രമോദി കേന്ദ്രമന്ത്രി വി മുരളീധരനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് ആറ്റിങ്ങൽ ! സ്നേഹോപഹാരമായി നൽകിയ വിഷുക്കണി നിറഞ്ഞ മനസ്സോടെ സ്വീകരിച്ച് പ്രധാനമന്ത്രി

ആറ്റിങ്ങൽ: എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ വി മുരളീധരനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ വലിയ ചർച്ചയാകുകയാണ് മണ്ഡലത്തിൽ. ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത നരേന്ദ്രമോദിയുടെ കാട്ടാക്കട റാലിയിലാണ് മുരളീധരനെ മോദി സ്ഥാനാർത്ഥിയെന്ന നിലയിൽ സദസ്സിന് പരിചയപ്പെടുത്തിയത്. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ ദേശത്തും വിദേശത്തും പേരെടുത്ത വ്യക്തിയാണ് മുരളീധരനെന്നും വിദേശത്തെ മലയാളികൾ ഉൾപ്പെടെയുള്ള ഭാരതീയരെ പ്രതിസന്ധി ഘട്ടത്തിൽ നാട്ടിൽ തിരിച്ചെത്തിക്കുന്നതിൽ അഭിനന്ദനാർഹമായ പ്രവർത്തനം നടത്തിയ ആളാണെന്നുമാണ് മോദി പറഞ്ഞത്. ഹർഷാരവങ്ങളോടെയാണ് ആ വാക്കുകൾ സദസ്സ് സ്വീകരിച്ചത്. പല ഒഴിപ്പിക്കൽ ദൗത്യങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വി മുരളീധരനെ ഏൽപ്പിച്ചിട്ടുണ്ട്. കേരളത്തിലെത്തിയാൽ നരേന്ദ്രമോദിയുടെ മിക്ക പ്രസംഗങ്ങളുടെയും പരിഭാഷ ചെയ്യുന്നതും വി മുരളീധരനാണ്.

ഇന്നലെ നിശ്ചയിച്ചതിലും രണ്ടര മണിക്കൂർ വൈകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാട്ടാക്കടയിലെ വേദിയിലെത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കൊല്ലം എൻ ഡി എ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തെ വേദിയിൽ സ്വീകരിച്ചു. തുടർന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം കേരളത്തിലെ എൽ ഡി എഫ് സർക്കാരിന്റെ അഴിമതിക്കെതിരെ ആഞ്ഞടിച്ചു. സ്വർണ്ണക്കടത്തും സഹകരണ അഴിമതിയും ഉയർത്തിക്കാട്ടിയ അദ്ദേഹം അഴിമതിക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും നിക്ഷേപകർക്ക് നഷ്ടപ്പെട്ട തുക അഴിമതിക്കാരിൽ നിന്ന് പിടിച്ചെടുത്ത് നൽകുമെന്നും ഉറപ്പു നൽകി. പുറത്തേക്ക് പോകുന്ന വഴിയിൽ റോഡരികിൽ കാത്തുനിന്ന പ്രവർത്തകരെ തൻറെ കാറിന്റെ ചവിട്ടുപടിയിൽ നിന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഹെലിപ്പാഡിലേക്ക് പോയത്.

Related Articles

Latest Articles