Friday, May 17, 2024
spot_img

ഇനിയും ചർച്ച ചെയ്യപ്പെടാത്ത ചരിത്രം വീണ്ടെടുത്ത് നരേന്ദ്ര മോദി

ദില്ലി: ഭാരത സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവകാലവും നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികവും ആഘോഷിക്കുന്ന സമയത്ത് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കാനായതിൽ സർക്കാരിന് അഭിമാനമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രതിപക്ഷ പ്രതിഷേധത്തിൽ കഴമ്പില്ലെന്നും ഉദ്‌ഘാടനം പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിന്റെ പരാമാധികാരത്തിന്റെ ചിഹ്നമായ ചെങ്കോൽ പ്രധാനമന്ത്രി പാർലമെന്റ് മന്ദിരത്തിൽ ഉദ്‌ഘാടന ദിവസം പ്രതിഷ്ഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്കോലിന് ഭാരത ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. 1947 ഓഗസ്റ്റ് 14 രാത്രി 10:45 ന് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ജവാഹർലാൽ നെഹ്‌റു ചെങ്കോൽ സ്വീകരിച്ചിരുന്നു. നിലവിലെ പാർലമെന്റ് മന്ദിരം ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. ആത്മനിർഭർ ഭാരതത്തിന്റെ പ്രതീകമായി ഇപ്പോൾ നിർമ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിലേക്ക് അധികാരം മാറുന്ന ചടങ്ങുകൂടിയാണ് 28 ന് നടക്കുക.

“നെഹ്‌റു സ്വാതന്ത്ര്യദിനത്തിൽ ചെങ്കോൽ സ്വീകരിച്ച വാർത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ ചെങ്കോൽ തമിഴ്‌നാട്ടിലെ ഒരു മ്യൂസിയത്തേക്ക് മാറ്റുകയും ഒരു ചരിത്ര സംഭവം വിസ്‌മൃതിയിലേക്ക് പോകുകയും ചെയ്‌തു. ഈ ചരിത്ര സ്മാരകം മ്യുസിയത്തിൽ സൂക്ഷിക്കുന്നത് ശരിയല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ചെങ്കോലിനെ കുറിച്ച് അറിഞ്ഞയുടൻ വിശദമായ അന്വേഷണം നടന്നു. അതിനു ശേഷമാണ് ചെങ്കോൽ സൂക്ഷിക്കേണ്ട ഉചിതമായ സ്ഥലം പാർലമെന്റാണ് എന്ന് തീരുമാനിച്ചത്. അതുകൊണ്ടു തന്നെ ഉദ്‌ഘാടന ദിവസം ചെങ്കോൽ തമിഴ്‌നാട് അധികാരികളിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുകയും പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുകയും ചെയ്യും ” -അമിത് ഷാ പറഞ്ഞു. ഭേദഭാവങ്ങളില്ലാത്ത സത്ഭരണത്തിന്റെ പ്രതീകമാണ് ചെങ്കോലേന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles