Tuesday, January 6, 2026

മലപ്പുറത്ത് ബന്ധുക്കൾ ഉൾപ്പെടെ ആറുപേർ ചേർന്ന് പീഡിപ്പിച്ച പതിനെട്ടുകാരി തൂങ്ങി മരിച്ച നിലയിൽ; പിന്നിൽ ദുരൂഹത

മലപ്പുറം: മലപ്പുറത്ത് കുടുംബാംഗങ്ങളുടെ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി (Girl Commits Suicide) തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം തേഞ്ഞിപ്പാലത്താണ് സംഭവം. ഇന്ന് രാവിലെ 9.30 ഓടെയാണ് രാമനാട്ടുകര സ്വദേശിയായ പെൺകുട്ടിയെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 18 വയസ്സാണ് പെൺകുട്ടിയുടെ പ്രായം. തേഞ്ഞിപ്പാലത്തെ വാടക വീട്ടിൽ അമ്മയ്‌ക്കും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്.

ഇളയ സഹോദരനെ സ്‌കൂളിലാക്കാൻ പോയപ്പോഴാണ് കുട്ടി തൂങ്ങിമരിച്ചത് എന്ന് അമ്മ പറയുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയ ശേഷം പല തവണ പെൺകുട്ടിയെ ഭക്ഷണം കഴിക്കാനായി വിളിച്ചു. എന്നാൽ കുട്ടി വാതിൽ തുറന്നില്ല. ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും എടുത്തില്ല. തുടർന്ന് വാതിലിന് മുകളിലുളള കിളിവാതിലിലൂടെ നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് അമ്മ പറയുന്നു.അയൽവാസികളെ വിളിച്ച് വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് വർഷം മുൻപ് ബന്ധുക്കൾ ഉൾപ്പെടെ ആറ് പേർ ചേർന്നാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് പെൺകുട്ടി. സംഭാവത്തിൽ പെൺകുട്ടിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles