Sunday, September 20, 2026

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 69കാരന് 4 വർഷം കഠിനതടവ് വിധിച്ച് കോടതി

പാലക്കാട്: കടയിൽ മിഠായി വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പ്രതിക്ക് 4 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. പാലക്കാട് കപ്പൂർ എറവക്കാട് സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. 2018 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

69കാരനായ മൊയ്തീന്‍ കുട്ടിയുടെ കാഞ്ഞിരത്താണിയിലുള്ള കടയിലേക്കാണ് പെൺകുട്ടി മിഠായി വാങ്ങാനെത്തിയത്. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പാക്കിക്കിയതിന് ശേഷം പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ചാലിശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു.

പ്രതി പിഴ അടച്ചില്ലെങ്കില്‍ നാല് മാസം കൂടി കഠിനതടവ് അനുഭവിക്കണം. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ചാലിശ്ശേരി എസ്ഐമാരായിരുന്ന അനിൽ മാത്യു, അരുൺകുമാർ, ഷിബു എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു. പത്ത് രേഖകളും കോടതി പരിഗണിച്ചു.

Related Articles

Latest Articles