കോഴിക്കോട് : പുതിയകടവ് ബീച്ചിന് സമീപം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടികളായ സ്ത്രീയും പുരുഷനും പിടിയിൽ. മറ്റ് കുട്ടികൾ ബഹളമുണ്ടാക്കിയതോടെയാണ് തട്ടിക്കൊണ്ട് പോകൽ ശ്രമം പരാജയപ്പെട്ടതെന്നാണ് വിവരം.ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴുവയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്. സംഭവത്തില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച നാടോടികളെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
തട്ടിക്കൊണ്ട് പോകൽ ശ്രമം പരാജയപ്പെട്ടതോടെ ബീച്ചിലേക്കോടിയ നാടോടികളുടെ പിന്നാലെ ഓടിയതായും ആളുകളോട് പറഞ്ഞപ്പോൾ ആളുകള്‍ ചേര്‍ന്ന് അവരെ പിടികൂടിയതായും കുട്ടികള്‍ പറഞ്ഞു. ജനം തിങ്ങിപ്പാര്‍ക്കുന്നിടത്ത് വന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

