Wednesday, May 8, 2024
spot_img

മംഗലുരു ശാന്തമാണ്…ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ദയവായി ഇങ്ങോട്ട് വരരുത്…യു ഡി എഫ് പ്രതിനിധി സംഘത്തിന് അനുമതി നിഷേധിച്ച് പോലീസ്.

മംഗളൂരുവില്‍ നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മലയാളി ജനപ്രതിനിധികളെ സമ്മതിക്കില്ലെന്ന് കര്‍ണാടക പോലീസ്. മംഗളൂരു സന്ദര്‍ശിക്കാനുള്ള യുഡിഎഫ് ജനപ്രതിനിധി സംഘത്തിന്റെ ആവശ്യം പോലീസ് തള്ളി. എംപിമാരായ രാജ് മോഹന്‍ ഉണ്ണിത്താന്‍, കെ.സുധാകരന്‍, എംഎല്‍എമാരായ എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന്, പാറക്കല്‍ അബ്ദുള്ള, ഷംസുദ്ദീന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് മംഗളൂരു സന്ദര്‍ശിക്കാനിരുന്നത്. അതേസമയം, ദേശീയ പൗര്വത്വഭേദഗതി ബില്ലിനെതിരെ കലാപം അഴിച്ചുവിട്ടവരെ സര്‍ക്കാര്‍ ശക്തമായി നേരിട്ടതോടെ മംഗളൂരു ഇപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ട്.

വൈകുന്നേരം മൂന്നുമുതല്‍ ആറുവരെയും ഇന്നു രാവിലെ ആറുമുതല്‍ മുതല്‍ രാത്രി ഒന്‍പതുവരെയും കര്‍ഫ്യൂവില്‍ ഇളവ് നല്‍കി. ഇതോടെ കടകമ്പോളങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മംഗളൂരു ഹാര്‍ബറിന്റെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സര്‍വീസ് നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ ഇന്ന് സര്‍വീസ് നടത്തി. ഓട്ടോറിക്ഷയും ടാക്‌സികളും നിരത്തില്‍ സജീവമായിരുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്റര്‍നെറ്റ് നിരോധനം ഇന്നലെ പിന്‍വലിച്ചു. കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവുമാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപം വ്യാപിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങളും വിദ്വേഷ പ്രസ്താവനകളും വ്യാജ വീഡിയോകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാന്‍ സാധിച്ചു. ഇതിലൂടെ കലാപം തടയാന്‍ സാധിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചെങ്കിലും സാമൂഹ്യമാധ്യമങ്ങള്‍ പോലീസ് സൈബര്‍ സെല്ലിന്റെ കര്‍ശനമായ നിരീക്ഷണത്തിലാണ്. പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

സാമൂഹ്യമാധ്യമങ്ങളിലൂടെ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും (ആര്‍എഎഫ്), പോലീസും സംയുക്തമായി ഇന്നലെ രാവിലെ നഗരത്തില്‍ റൂട്ട്മാര്‍ച്ച് നടത്തി. കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും നിരോധനാജ്ഞ ഏതാനും ദിവസങ്ങള്‍ കൂടി തുടരാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ഇതോടൊപ്പം പരിശോധനയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടും പോലീസ് സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ നഗരത്തില്‍ ശക്തമായ പോലീസ് സുരക്ഷ തുടരുകയാണ്. സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലും വാഹന പരിശോധന തുടരും. റെയില്‍വെ സ്റ്റേഷനും പോലീസ് നിരീക്ഷണത്തിലാണ്. സംശയം തോന്നുന്ന യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. എല്ലാവരും തിരിച്ചറിയല്‍ രേഖകള്‍ കൈവശം വയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്‌കെഎസ്എസ്എഫ്) സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ ആഹ്വാനത്തെ തുടര്‍ന്നാണ് ഡിസംബര്‍ 19ന് രാവിലെ യുവാക്കളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിനു മുന്‍പില്‍ പ്രതിഷേധിച്ചത്. നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ചവര്‍ പിന്നീട് വ്യാപക അക്രമം നടത്തുകയായിരുന്നു. ഇതിനിടിയല്‍ മംഗളൂരു നോര്‍ത്ത് (ബെന്‍ഡര്‍) പോലീസ് സ്റ്റേഷന്‍ ആക്രമിക്കാനെത്തിയ സംഘത്തിനു നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു. ജലീല്‍ (49), നൗഷീല്‍ (23) എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്തു. ശനിയാഴ്ച മംഗളൂരുവിലെത്തിയ മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ അധികാരികള്‍, സമുദായ നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയത്.

Related Articles

Latest Articles