Friday, May 17, 2024
spot_img

പോലീസ് യൂത്ത് കോൺഗ്രസുകാരെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ,എൽ.ഡി.എഫിൻ്റെ ഹമാസ് അനുകൂല റാലിയിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പില്ല,ക്രിസ്ത്യൻ നേതാക്കളെ പങ്കെടുപ്പിക്കാതെ എങ്ങനെ മതേതരത്വം?

കോഴിക്കോട്: കോൺഗ്രസിൻ്റെ എല്ലാ നേതാക്കളും യൂത്ത് കോൺഗ്രസുകാർ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതായി സമ്മതിച്ചിട്ടും പൊലീസ് അവരെ സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി അദ്ധ്യക്ഷൻ പോലും വലിയ കുറ്റകൃത്യം നടന്നുവെന്ന് സമ്മതിക്കുന്നു. എന്നാൽ, പോലീസ് യഥാർത്ഥ കുറ്റവാളികളിലേക്ക് അന്വേഷണം കൊണ്ടു പോകുന്നില്ല. മദർ കാർഡ് ഉണ്ടാക്കിയ ആളെ പിടികൂടാൻ പോലും പോലീസ് തയ്യാറാവുന്നില്ല.

   ആരോപണം ഉന്നയിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി തന്നെ പറയുന്നത് രാജ്യത്തിനെതിരായ കാര്യമാണ് നടന്നതെന്നാണ്. എന്നിട്ടും എങ്ങനെയാണ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചത്? കോടതിയിൽ  പൊലീസ് ഉദ്യോഗസ്ഥരും പ്രതിഭാഗം വക്കീലും തമ്മിൽ സൗഹൃദപരമായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എ.എ. റഹീം എം.പി പറയുന്നത് പോലെ തിരഞ്ഞെടുപ്പ് കമ്മീഷന് സ്വയമേവ അന്വേഷണം നടത്താനാവില്ല. കേരള പോലീസിൻ്റെ റിപ്പോർട്ട് അനുസരിച്ചാണ് കമ്മീഷൻ നിലപാടെടുക്കുകയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

രണ്ട് മുന്നണികളുടേയും ഹമാസ് അനുകൂല റാലികൾക്ക് ആത്മാർത്ഥയില്ല. എൽ.ഡി.എഫിലെ ഘടകക്ഷിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ പരിപാടിയിലേക്ക് വിളിച്ചിട്ടില്ല. കോൺഗ്രസ് പരിപാടിയിൽ പി.ജെ ജോസഫ് ഇല്ല. ക്രിസ്ത്യൻ നേതാക്കളെ പങ്കെടുപ്പിക്കാതെ എങ്ങനെയാണ് മതേതരത്വം സംരക്ഷിക്കുക? യഥാർത്ഥ ഭീകരവിരുദ്ധ റാലികൾ നടത്തുന്നത് ബി.ജെ.പിയാണ്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ റാലി നടക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles