Thursday, May 2, 2024
spot_img

കരിക്കുലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ ഉത്തരവിടാൻ സർക്കാരിന് അധികാരമില്ല ! നവകേരളസദസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കരുത് ! ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. പ്ലസ് ടു വരെയുള്ള കുട്ടികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്. കരിക്കുലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നവകേരള സദസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാർ ഹൈക്കോടതിയിൽ രാവിലെ വ്യക്തമാക്കിയിരുന്നു. ഇതിനോടൊപ്പം നവകേരള സദസ്സിനു ആളുകളെയെത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് നിര്‍ദേശം നല്‍കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടന്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി.സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് കാസര്‍ഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.

നവകേരള സദസ്സിനു അഭിവാദ്യമര്‍പ്പിക്കാനായി വിദ്യാര്‍ഥികളെ പൊരിവെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത് വൻ വിവാദമാകുകയും വൻ വിമർശനം വിളിച്ച് വരുത്തുകയും ചെയ്തു. തലശേരി ചമ്പാട് സ്‌കൂളിലെ കുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ ആഡംബര ബസ് കടന്നു പോകവേ കുട്ടികൾ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ക്ഷീണിച്ച് നിർത്തുമ്പോൾ വീണ്ടും മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെടുന്നതും സംഭവത്തിന്റെ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പാണ് കര്‍ശന നിര്‍ദേശമിറക്കിയത്. ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്നായിരുന്നു ഉത്തരവ്. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേര്‍ത്ത പ്രധാനാദ്ധ്യാപകരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. നവകേരള സദസ് നടക്കുന്ന സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു.

Related Articles

Latest Articles