മലപ്പുറം: അബുദാബിയിലെ ഇരട്ട മരണങ്ങളിൽ നിർണായക വിവരം പൊലീസിന് ലഭിച്ചു. ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയമ്മ സ്വദേശി ഹാരിസിന്റെയും സഹപ്രവർത്തക ഡെന്‍സിയുടെയും റീ പോസ്റ്റുമോര്‍ട്ടത്തിന്റെ ഫലമാണ് പൊലീസിന് ലഭിച്ചത്. ഇരട്ടമരണം കൊലപാതകമാണെന്ന തരത്തിലുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍ കൊലക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ബിസിനസ് പങ്കാളിയാണ് മരിച്ച ഹാരിസ്. ദുരൂഹ മരണം അന്വേഷിക്കുന്നത് സിബിഐയാണ്.
ഷൈബിന്‍ അഷ്റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിനെയും സഹപ്രവര്‍ത്തക ഡെന്‍ഡിയേയും അബുദാബിയിലെ ഫ്ലാറ്റില്‍ 2020ല്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡെന്‍സിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തെന്നായിരുന്നു അബുദാബി പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരുടേയും മൃതദേഹം നാട്ടിലെത്തിച്ച് ബന്ധുക്കൾ സംസ്കരിച്ചു. പറയത്തക്ക സംശയം ആർക്കും ഇല്ലാതിരുന്ന ഈ കേസ്, നിലമ്പൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊലക്കേസിൽ ഷൈബിൻ അഫ്‍റഫ് പിടിയിലായതിന് പിന്നാലെയാണ് സജീവമായത്. ഹാരിസിന്റേയും ഡെൻസിയുടേയും കൊലപാതകമായിരുന്നു എന്നും തങ്ങളെ കൊണ്ട് അത് ചെയ്യിച്ചത് ഷൈബിൻ അഷ്റഫാണെന്നും കൂട്ടുപ്രതികൾ വെളിപ്പെടുത്തി. തുടർന്ന് നിലമ്പൂർ കേസെടുത്ത് അന്വേഷണം തുടങ്ങുകയും മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യുകയുമായിരുന്നു. ഇതിനിടെയാണ് ബന്ധുക്കളുടെ അഭ്യർത്ഥന പരിഗണിച്ച് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.

