Wednesday, October 28, 2026

മൃദംഗ വിഷനും ദിവ്യ ഉണ്ണിയുമായി നടന്ന പണമിടപാടുകളുടെ നിയമസാധുത പരിശോധിക്കാൻ പോലീസ്; ജാമ്യം റദ്ദാക്കി പ്രതികളെ ചോദ്യം ചെയ്യാൻ തീരുമാനം; ഉമാ തോമസ് എം എൽ എ ആരോഗ്യം വീണ്ടെടുക്കുമ്പോൾ അന്വേഷണം പുതിയ വഴിത്തിരിവിൽ

കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കാൻ പോലീസ്. വരവ് ചെലവ് കണക്കുകളും അതിന്റെ നിയമസാധുതയും പോലീസ് വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ്. കേസിൽ പ്രതികളായി അറസ്റ്റിലായിരുന്ന അഞ്ചുപേർക്ക് ഇടക്കാല ജാമ്യം ലഭിച്ചിട്ടുണ്ട്. അവരുടെ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതിനായുള്ള അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സംഘടകർക്കെതിരെ പൊലീസിന് കിട്ടിയ പുതിയ തെളിവുകളാണ് ജാമ്യം റദ്ദാക്കാനുള്ള പോലീസ് നീക്കത്തിന് പിന്നിലെന്നാണ് സൂചന. ഈ പരിപാടിയിലുണ്ടായ സുരക്ഷാ വീഴ്ച കാരണമാണ് തൃക്കാക്കര എം എൽ എ ഉമാ തോമസിന് പവലിയനിലെ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്.

അതേസമയം നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയിലേയ്ക്കും അന്വേഷണം നീളുന്നു എന്നാണ് ലഭിക്കുന്ന സൂചന. പരിപാടിയുടെ ഗുഡ്‌വിൽ അംബാസിഡർ ആയിരുന്നു ദിവ്യ. എന്നാൽ ഗുഡ്‌വിൽ അംബാസിഡർ എന്ന നിലയ്ക്കപ്പുറം സാമ്പത്തിക ഇടപാടുകൾ ദിവ്യ ഉണ്ണിയ്ക്ക് മൃദംഗ വിഷനുമായി ഉണ്ടോ എന്നാണ് പോലീസ് നിലവിൽ പരിശോധിക്കാനൊരുങ്ങുന്നത്. അങ്ങിനെയുണ്ടെങ്കിൽ ദിവ്യ ഉണ്ണിയേയും പോലീസ് ചോദ്യം ചെയ്തേയ്ക്കും.

വേദിയിൽ നിന്ന് വീണു പരിക്കേറ്റ തൃക്കാക്കര എം എൽ എ ആരോഗ്യം വീണ്ടെടുക്കുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. വെന്റിലേറ്ററിൽ നിന്ന് നേരത്തെ ഉമതോമസിനെ മാറ്റിയിരുന്നു. ഇപ്പോൾ മക്കളോടും അടുത്ത ബന്ധുക്കളോടും ഉമതോമസ് നന്നായി പ്രതികരിക്കുന്നുണ്ട്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല എം എൽ എയുടേതെന്ന് ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു. എം എൽ എ യുടെ തലച്ചോറിനും ശ്വാസകോശത്തിനുമാണ് ഗുരുതരമായി പരിക്കേറ്റത്. വേദിയിലെ സ്ഥലപരിമിതിയും സുരക്ഷാ വീഴ്ച്ചയുമാണ് അപകടകാരണം എന്നാണ് റിപ്പോർട്ട്

Related Articles

Latest Articles