Friday, March 29, 2024
spot_img

വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടിവന്ന സംഭവം; അദ്ധ്യാപികയ്ക്ക് പറയാനുള്ളതുകൂടി കേട്ടിട്ട് തുടര്‍ നടപടി, കേസെടുക്കുമെന്ന് പൊലീസ്

കൊല്ലം: കടയ്ക്കലിലെ ഒരു സ്കൂളില്‍ പരീക്ഷാഹാളില്‍ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടിവന്ന സംഭവത്തില്‍ അദ്ധ്യാപികയ്ക്കെതിരെ കേസെടുക്കും. എസ്.എസ്.എല്‍.സി പരീക്ഷ പൂര്‍ത്തിയായ ശേഷം അദ്ധ്യാപികയ്ക്ക് പറയാനുള്ളതുകൂടി കേട്ടിട്ടാകും തുടര്‍ നടപടിയെന്ന് കടയ്ക്കല്‍ സി.ഐ അറിയിച്ചു. രസതന്ത്രം പരീക്ഷയ്ക്കിടെയാണ് സംഭവം ഉണ്ടായത്. പരീക്ഷ തുടങ്ങി അധികം വൈകാതെ വിദ്യാര്‍ത്ഥിയ്ക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു.

തുടര്‍ന്ന് ബാത്റൂമിൽ പോകാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥി ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപികയോട് ആവശ്യപ്പെട്ടു. അദ്ധ്യാപിക ഇതിന് അനുവദിക്കാതെ വന്നപോള്‍ കേണപേക്ഷിച്ചു. എന്നിട്ടും പോകാന്‍ അനുവദിക്കുകയോ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടിനെയോ വിവരം അറിയിക്കുകയോ ചെയ്തില്ല. ഇതോടെയാണ് പരീക്ഷയെഴുതാന്‍ കഴിയാത്ത വിധം അവശനായ വിദ്യാര്‍ത്ഥി ഇട്ടിരുന്ന വസ്ത്രത്തില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയത്. ഇതിന് ശേഷവും അദ്ധ്യാപിക പുറത്തേക്ക് വിടാന്‍ തയ്യാറായില്ല.

മറ്റ് വിദ്യാര്‍ത്ഥികളും സ്കൂള്‍ അധികൃതരും വിഷയം അറിഞ്ഞു. നല്ലവണ്ണം പഠിക്കുന്ന കുട്ടിക്ക് നേരാംവണ്ണം പരീക്ഷയെഴുതാനും കഴിഞ്ഞില്ല. വീട്ടിലെത്തിയെങ്കിലും കുട്ടി വിവരം രക്ഷിതാക്കളോട് പറഞ്ഞില്ല. ഇന്നലെയാണ് സംഭവം രക്ഷിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥിയുടെയും രക്ഷകര്‍ത്താക്കളുടെയും പരീക്ഷാ ഹാളില്‍ ഉണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാകും അദ്ധ്യാപികയ്ക്ക് പറയാനുള്ളത് പൊലീസ് കേള്‍ക്കുക.

Related Articles

Latest Articles