Tuesday, October 27, 2026

നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം!!! ജെൻസി പ്രക്ഷോഭത്തിൽ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിൽ; നീക്കം ബലേന്ദ്ര ഷാ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ

കാഠ്മണ്ഡു:നേപ്പാൾ രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുൻ പ്രധാനമന്ത്രിയും സി.പി.എൻ-യു.എം.എൽ അദ്ധ്യക്ഷനുമായ കെ.പി. ശർമ ഒലിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചുകുലുക്കിയ ‘ജെൻ സി’ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ വീഴ്ച വരുത്തിയെന്നും കൊലപാതകത്തിന് സമാനമായ കുറ്റം നടന്നുവെന്നുമുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നാണ് ശനിയാഴ്ച പുലർച്ചെ നേപ്പാൾ പോലീസ് ഒലിയെ കസ്റ്റഡിയിലെടുത്തത്. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖകും അറസ്റ്റിലായിട്ടുണ്ട്.

റാപ്പറിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ബലേന്ദ്ര ഷാ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 24 മണിക്കൂറിനുള്ളിലാണ് ഈ നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. അധികാരമേറ്റയുടൻ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ, കഴിഞ്ഞ വർഷത്തെ സംഘർഷങ്ങളെക്കുറിച്ച് അന്വേഷിച്ച ഉന്നതതല കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ ബലേന്ദ്ര ഷാ ഉത്തരവിട്ടിരുന്നു. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കാൻ നേരിട്ട് ഉത്തരവിട്ടതിന് തെളിവില്ലെങ്കിലും, വെടിവെപ്പ് തടയാനോ നിയന്ത്രിക്കാനോ മുൻ സർക്കാർ ശ്രമിച്ചില്ലെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഗുരുതരമായ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ അഴിമതിക്കെതിരെ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിൽ 19 പേർ ഉൾപ്പെടെ എഴുപതിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെത്തുടർന്നാണ് ഒലി സർക്കാർ തകരുകയും സുശീല കർക്കി ഇടക്കാല ഭരണാധികാരിയായി എത്തുകയും ചെയ്തത്. എന്നാൽ തന്റെ അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള നീക്കമാണെന്നും നിയമപോരാട്ടം നടത്തുമെന്നും കെ.പി. ശർമ ഒലി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഇത് പ്രതികാരമല്ലെന്നും നീതി നടപ്പാക്കാനുള്ള നടപടി മാത്രമാണെന്നും ആരും നിയമത്തിന് മുകളിലല്ലെന്നും പുതിയ ആഭ്യന്തര മന്ത്രി സുദാൻ ഗുരുങ് വ്യക്തമാക്കി. മുൻ പോലീസ് മേധാവി ചന്ദ്ര കുബേർ ഖാപുങ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

Related Articles

Latest Articles