ജാർഖണ്ഡ്: ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചതായി പരാതി. സംഭവത്തിൽ പ്രകോപിതരായ മാതാപിതാക്കൾ അദ്ധ്യാപകന്റെ മുഖത്ത് മഷിയൊഴിക്കുകയും ഷൂസ് മാല ഇടുകയും ചെയ്തു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂം ജില്ലയിലാണ് സംഭവം. ക്ലാസിൽ അശ്ലീല വീഡിയോ കാണിച്ച അദ്ധ്യാപകൻ വിദ്യാർത്ഥിനികളെ അപമര്യാദയായി സ്പർശിച്ചുവെന്നും പരാതി ഉണ്ട്.
പ്രദേശവാസികളുടേയും മാതാപിതാക്കളുടേയും പരാതിക്ക് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അദ്ധ്യാപകനെ രക്ഷപെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, എത്രയും വേഗം ജയിലിലടയ്‌ക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ആറ് പെൺകുട്ടികളാണ് സംഭവത്തിൽ പരാതി നൽകിയത്. അദ്ധ്യാപകൻ അശ്ലീല വീഡിയോ കാണിച്ച ശേഷം അപമര്യാദയായി പെരുമാറുകയും സ്പർശിക്കുകയും ചെയ്തുവെന്നാണ് ഇവർ പരാതിയിൽ പറയുന്നത്.
പ്രതിക്കെതിരെ ഗ്രാമവാസികൾ ഡെപ്യൂട്ടി കമ്മീഷണർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ബജദംദ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ബസുദേവ് ടോപ്പോ വ്യക്തമാക്കി.

