തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് അന്വേഷണ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ജനാധിപത്യത്തില്‍ ഭയരഹിതമായി വോട്ട് ചെയ്തുവെന്ന വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ടെന്നും അതുകൊണ്ട് പോസ്റ്റല്‍ ബാലറ്റിനെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം വേണമെന്നും അതൃപ്തിയറിച്ച് ഡിജിപിക്ക് എഴുതിയ കത്തിൽ മീണ വ്യക്തമാക്കുന്നു.
“തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനിലേക്ക് മാത്രമാണ് അന്വേഷണം ചുരുങ്ങിയിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശബ്ദസന്ദേശവുമായി ബന്ധപ്പെട്ട് മൂന്ന് പോസ്റ്റല്‍ ബാലറ്റുകളെക്കുറിച്ചുള്ള അന്വേഷണം മാത്രമാണ് നടന്നിരിക്കുന്നത്. ജനാധിപത്യത്തില്‍ ഭയരഹിതമായി വോട്ട് ചെയ്തൂവെന്ന വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വിതരണം ചെയ്ത എല്ലാ വോട്ടുകളിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡിജിപിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
അതേ സമയം റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഈ മാസം 15 വരെ സമയം നല്‍കി. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ ആക്ഷേപങ്ങള്‍ ദൂരീകരിക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് വേണ്ടതെന്നും അദ്ദേഹം കത്തില്‍ പറയുന്നു. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി.സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

