കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും തമ്മിലുള്ള ബന്ധത്തെ ചൊല്ലി നിരവധി ഗോസിപ്പുകളും വിവാദങ്ങളുമാണ് ഉയര്‍ന്നു വന്നത്. ഇതിനെല്ലാം മറുപടിയുമായി പ്രണയദിനത്തില്‍ തന്നെ എത്തിയിരിക്കുകയാണ് അഭയ. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് വിമര്‍ശകര്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ ഗായിക മറുപടി നല്‍കിയിരിക്കുന്നത്.

അഭയയുടെ വാക്കുകള്‍:

‘2008 മുതല്‍ 2019 വരെ ഞങ്ങളൊരുമിച്ച് പൊതുവേദികളിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടില്ല. അതെ! ഞാന്‍ വിവാഹിതനായ ഒരാളുമായി പ്രണയത്തിലാണ്. അദ്ദേഹവുമായി കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ ജീവിക്കുന്നു. ഞാന്‍ മുന്‍പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 12 വയസിന്റെ വ്യത്യാസമുണ്ട്. അതെ അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ തീരെ ചെറുതാണ്. ഇങ്ങനെ പല വ്യത്യാസങ്ങളുണ്ടെങ്കിലും ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മഞ്ഞപ്പത്രങ്ങള്‍ക്ക് എന്നെ കീപ്പെന്നോ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം. ഒരു കുടുംബം നശിപ്പിച്ചവളെന്നും വിളിക്കാം. ഒളിച്ചോട്ടങ്ങള്‍ മടുത്തു. ഇനിയും പേടിച്ച് ജീവിക്കാന്‍ വയ്യ. അതുകൊണ്ട് ഈ കുറിപ്പ് ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റ് ചെയ്യുന്നുണ്ട്. പൊങ്കാലകള്‍ക്ക് സ്വാഗതം. ആറ്റുകാല്‍ പൊങ്കാലയല്ലേ.. എല്ലാവര്‍ക്കും പ്രാര്‍ഥിക്കാം.’ അഭയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.