കോഴിക്കോട്: വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടുള്ള 400 കെ.വി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ ട്രാൻസ്ഫോർമറിന്റെ 220 കെ.വി ബുഷിംഗിൽ തകരാർ സംഭവിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിനെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് വരും ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുക.
ഈ ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ 2026 മെയ് 12 മുതൽ ഒരാഴ്ചക്കാലം വേണ്ടിവരുമെന്നായിരുന്നു പവർഗ്രിഡ് കോർപ്പറേഷൻ (PGCIL) ആദ്യം അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിൽ നേരത്തെ തന്നെ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിലെ സാങ്കേതിക തകരാറുകൾ പൂർണ്ണമായി പരിഹരിച്ച് ജോലികൾ തീർക്കണമെങ്കിൽ കൂടുതൽ സമയം ആവശ്യമാണെന്ന് അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ 2026 മെയ് 25 വരെ സമയം നീട്ടി ചോദിച്ചിരിക്കുകയാണ് പവർഗ്രിഡ് കോർപ്പറേഷൻ. ഈ സാഹചര്യത്തിലാണ് വടക്കൻ കേരളത്തിലെ നാല് ജില്ലകളിലെ ഉപഭോക്താക്കൾ മെയ് 25 വരെ ഭാഗികമായ വൈദ്യുതി നിയന്ത്രണം പ്രതീക്ഷിക്കണമെന്ന് കെ.എസ്.ഇ.ബി.എൽ ഔദ്യോഗികമായി അറിയിച്ചത്. തടസ്സം പരമാവധി കുറയ്ക്കാൻ ശ്രമിക്കുമെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

