കണ്ണൂര്‍: സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് കേരളത്തെ വിമോചന സമര കാലത്തിലേക്ക് കൊണ്ടു പോവുകയാണെന്ന് ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്‍. സിപിഎം തുടര്‍ച്ചയായി എന്‍ എസ് എസിനെ വിരട്ടുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. അഹങ്കാരത്തോടെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി.

അതേസമയം ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സിപിഎമ്മും എന്‍എസ്‌എസും പലതവണ കൊമ്പുകോര്‍ത്തിരുന്നു. എന്‍എസ്‌എസിന്‍റെ മാടമ്പിത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്നും എല്ലാ സമുദായ സംഘടനകളിലുമുള്ള കര്‍ഷകരും സാധാരണക്കാരും സിപിഎമ്മിനൊപ്പമാണെന്നും കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ അധികാരം കയ്യിലുണ്ടെന്ന് വെച്ച്‌ എന്തുമാവാമെന്ന് കരുതരുതെന്നും അതിനെ ഭയപ്പെടുന്നില്ലെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തിരിച്ചടിച്ചിരുന്നു.