Saturday, April 27, 2024
spot_img

“സാമ്പത്തിക പ്രതിസന്ധിയിൽ സ്വന്തം പിടിപ്പുകേട് മറച്ച് വെക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിനെ പഴിചാരുന്നു ! തൃശ്ശൂരിൽ ടിഎൻ പ്രതാപനെ ഒഴിവാക്കി കെ.മുരളീധരനെ കൊണ്ടുവന്നതും വടകരയിൽ ഷാഫി പറമ്പിലിനെ ഇറക്കിയതും എൽഎഡിഎഫ്- യുഡിഎഫ് അഡ്ജസ്റ്മെന്റ് !” – കേരളത്തിലെ ഭരണ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സ്വന്തം പിടിപ്പുകേട് മറച്ച് വെക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിനെ പഴിചാരുകയാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന ഇലക്ഷൻ ഇൻ ചാർജ് പ്രകാശ് ജാവദേക്കർ എംപി. കണക്കുകൾ നിരത്തിയാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചത്. തൃശ്ശൂരിൽ ടിഎൻ പ്രതാപനെ മാറ്റി കെ.മുരളീധരനെ കൊണ്ടുവന്നതും വടകരയിൽ ഷാഫി പറമ്പിലിനെ ഇറക്കിയതും എൽഎഡിഎഫ്- യുഡിഎഫ് അഡ്ജസ്റ്റ്മെൻറാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“19,000 കോടി രൂപ കൂടി അധികം കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം കേന്ദ്രം തള്ളിയെന്നാണ് എൽഡിഎഫ് സർക്കാർ പറയുന്നത്. എന്നാൽ 2022 – 23 വർഷത്തിൽ 28,000 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ അനുവാദമുണ്ടായിരുന്നത്. അത്രയും തുക കേരളം കടമെടുത്തതുമാണ്.

23-24 വർഷത്തിൽ കേരളത്തിന് 32,000 കോടി രൂപ കടമെടുക്കാനായിരുന്നു അനുവാദമുണ്ടായിരുന്നത്. എന്നാൽ 50% അധികം കേരളത്തിന് ലഭിച്ചു. 48,000 കോടി കേരളം കടമെടുത്തു. ഇതുവരെ ഈ വർഷം 34,000 കോടി കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചു. മോദി സർക്കാർ ഒരു സംസ്ഥാനത്തിനോടും വിവേചനപരമായ സമീപനം സ്വീകരിക്കുന്നില്ല. എന്നാൽ കേന്ദ്ര സർക്കാരിനോട് നന്ദി പറയുന്നതിന് പകരം സംസ്ഥാനത്തിൻ്റെ പരാജയം കേന്ദ്രത്തിൻ്റെ തലയിലിടുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്. കടമെടുപ്പ് സംബന്ധിച്ച കാര്യങ്ങളും കേന്ദ്രഫണ്ടും തീരുമാനിക്കുന്നത് ധനകാര്യ കമ്മീഷനാണ്.

തൃശ്ശൂരിൽ ടിഎൻ പ്രതാപനെ ഒഴിവാക്കി കെ.മുരളീധരനെ കൊണ്ടുവന്നതും വടകരയിൽ ഷാഫി പറമ്പിലിനെ ഇറക്കിയതും എൽഎഡിഎഫ്- യുഡിഎഫ് അഡ്ജസ്റ്റ്മെൻറാണ്. വടകരയിൽ യുഡിഎഫ് എൽഡിഎഫിനെ സഹായിക്കും. തൃശ്ശൂരിൽ തിരിച്ചും. രാജ്യത്ത് എല്ലാ സംസ്ഥാനത്തും കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. കേരളത്തിലെ വോട്ടർമാർ ഇടത്-വലത് നിഴൽ യുദ്ധം മനസിലാക്കും. കേരളത്തിൽ ഇടത്-വലത് വ്യാജ മത്സരമാണ് നടക്കുന്നത്. യുഡിഎഫിനു വോട്ടുചെയ്താൽ അത് എൽഡിഎഫിനും, എൽഡിഎഫിന് വോട്ട് ചെയ്താൽ അത് യുഡിഫിനുമാണെന്ന് മലയാളികൾക്ക് മനസ്സിലാകും” – പ്രകാശ് ജാവദേക്കർ പറഞ്ഞു.

Related Articles

Latest Articles