ഗോവ: ഗോവയിൽ ബിജെപി നേതാവ് പ്രമോദ് സാവന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. ഗവർണർ പി.എസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർച്ചയായ രണ്ടാം തവണയാണ് പ്രമോദ് സാവന്ദ് ഗോവ മുഖ്യമന്ത്രി ആകുന്നത് . മുൻ ആരോഗ്യ മന്ത്രിയായിരുന്ന വിശ്വജിത് റാണെയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു .


ബിജെപി എംഎൽഎമാരുടെ യോഗത്തിന് ശേഷം കേന്ദ്ര നേതൃത്വം നിയോഗിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് സാവന്ദിന്റെ പേര് നേരത്തെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാജ്ഭവനിൽ എത്തി പ്രമോദ് സാവന്ദ് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കുകയും ചെയ്തു. സ്വതന്ത്രരടക്കം പിന്തുണയ്ക്കുന്ന 24 എംഎൽഎമാരെയും ഒപ്പം കൂട്ടിയാണ് സാവന്ദ് രാജ്ഭവനിലെത്തിയത്.


അന്റോണിയോ വാസ്, അലക്സിയോ റെജിനാൾഡോ, ഡോ ചന്ദ്രകാന്ത് ഷെട്ടിയ എന്നിവരാണ് ബിജെപിക്ക് പിന്തുണ നൽകി മത്സരിച്ച സ്ഥാനാർത്ഥികൾ . കഴിഞ്ഞ തവണ 13 സീറ്റിൽ വിജയം നേടിയിട്ടു കൂടി ചെറു പാർട്ടികളുടെ സഹായത്തോടെ ബിജെപിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ കേവലഭൂരിപക്ഷം നേടി മൂന്നാം തവണയും വിജയതേരിൽ തന്നെയാണ് ബിജെപി.


