Thursday, March 28, 2024
spot_img

”ഒരു മിന്നായം പോലെ നാല് കൊല്ലം അങ്ങ് പോയി” വേർപാടിന്റെ വേദനയിൽ ”ഹൃദയം”ടീസർ: ദർശനയ്ക്ക് പിന്നാലെ സൂപ്പർ ഹിറ്റായി വീഡിയോ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയ’ത്തിലെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ദർശന സോങ് സൂപ്പർഹിറ്റായതിന് പിന്നാലെയാണ് ടീസറും എത്തിയിരിക്കുന്നത്. കോളജ് കാലഘട്ടം കഴിഞ്ഞ് വേർപിരിയുന്ന പ്രണ‌വ് മോ​ഹൻലാലും ദർശനയുമാണ് ടീസറിലുള്ളത്. റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഇരുവരുടേയും രം​ഗങ്ങൾ ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.

പ്രണവിനും ദർശനയ്ക്കുമൊപ്പം കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എൻജിനീയറിങ് കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികളായാണ് പ്രണവും ദർശനയും എത്തുന്നത്. ദർശന സോങ് ഇരുവരുടേയും പ്രണയം പറയുന്നത്. സം​ഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബും ദർശന രാജേന്ദ്രനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ തരം​ഗമാണ് ​ഗാനം തീർത്തത്. യൂട്യൂബിൽ ഒരു കോടി കാഴ്ചയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഗാനം.

വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം സം​ഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഹിഷാം അബ്‍ദുള്‍ വഹാബാണ് ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷമാണ് മെറിലാന്‍ഡ് സിനിമാ നിർമാണത്തിലേക്കു തിരിച്ചെത്തുന്നത്. കല്യാണി പ്രിയദർശൻ ആണ് ഹൃദയത്തിലെ മറ്റൊരു നായിക. മോഹൻലാൽ, ശ്രീനിവാസൻ, പ്രിയദർശൻ എന്നിവരുടെ അടുത്ത തലമുറ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘ഹൃദയം’. ചിത്രം 2022 ജനുവരി 21–ന് തിയറ്ററുകളിലെത്തും.

Related Articles

Latest Articles