Thursday, December 18, 2025

‘സേവാമൃതം 2022’; സേവാദര്‍ശന്‍ കുവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌കാരം പി ശ്രീകുമാറിന് സമ്മാനിച്ച് സംവിധായകന്‍ വിജി തമ്പി; സേവാദര്‍ശന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം, കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള

കൂവൈറ്റ്: സേവാദര്‍ശന്‍ കുവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാറിന് സമ്മാനിച്ച് സംവിധായകന്‍ വിജി തമ്പി. ‘സേവാമൃതം 2022’ എന്ന പേരില്‍ സംഘടപ്പിച്ച പരിപാടിയിലാണ് പുരസ്‌കാരം നല്‍കിയത്.

സത്യസന്ധമായ പത്രപ്രവര്‍ത്തനം അന്യം നില്‍ക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും ചിലരുടെ അജണ്ട നടപ്പാക്കുന്ന വേദിയായി മാധ്യമ രംഗം മാറിയിരിക്കുന്നുവെന്നും സത്യത്തിനും ധര്‍മ്മത്തിനും നീതിക്കുമായി എഴുതുന്നവരെ അംഗീകരിക്കുന്നത് അഭിമാനമുള്ളകാര്യമാണെന്നും വിജി തമ്പി പറഞ്ഞു.

മാത്രമല്ല കേരളം നിലനില്‍ക്കുന്നത് പ്രവാസികളുടെ സഹായത്താലാണെന്നും യഥാര്‍ത്ഥ മലയാളിയെ കാണണമെങ്കില്‍ കേരളം വിട്ടുപോകണം എന്നതാണ് അനുഭവമെന്നും കേരളത്തില്‍ എല്ലാകാര്യങ്ങളും ജാതി മത വര്‍ഗ്ഗീയ കണ്ണുകളിലൂടെയാണ് എല്ലാം കാണുന്നതെന്നും സേവ ജീവിതത്തിന്റെ വ്രതമാണ്, പുരാണവും ഇതിഹാസവും ചരിത്രവും ഒക്കെ സേവയുടെ മഹത്വമാണ് പഠിപ്പിക്കുന്നത്, സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി സംഘടനയെ അനുമോദിക്കുന്നുവെന്നും വിജി തമ്പി കൂട്ടിച്ചേർത്തു.

അതേസമയം പുരസ്‌ക്കാര ചടങ്ങ് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസി മലയാളികളാണെന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

‘ബജറ്റില്‍ തിട്ടപ്പെടുത്തുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ തുക പ്രവാസികളില്‍ നിന്നും ഒഴുകിയെത്തുന്നതുകൊണ്ടാണ് കേരളം ജീവിക്കുന്നത്. കാര്‍ഷിക രംഗത്തും വ്യവസായ മേഖലയിലും വളര്‍ച്ച ഇല്ലാതിരുന്നിട്ടും കേരളത്തെ സാമ്പത്തികമായി പിടിച്ചു നിര്‍ത്തുന്നത് പ്രവാസികളാണ്. ഗള്‍ഫ് ഉള്‍പ്പെടെ എത്തപ്പെട്ട രാജ്യങ്ങളില്‍ അശാന്ത പരിശ്രമം കൊണ്ട് മലയാളികള്‍ കൈവരിച്ച നേട്ടം ചെറുതല്ല. അതാത് രാജ്യങ്ങളുടെ ഉയര്‍ച്ചയക്ക് വഴിതുറക്കുന്നതിനൊപ്പം കേരളത്തെ സാമ്പത്തിക സമൃദ്ധിയിലെത്തിക്കാനും അവര്‍ക്ക് കഴിഞ്ഞു’- ശ്രീധരന്‍ പിള്ള പറഞ്ഞു.

കൂടാതെ കുവൈറ്റില്‍ സേവന പ്രവര്‍ത്തനത്തെ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന സേവാദര്‍ശന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മനുഷ്യനുവേണ്ടി ചെയ്യുന്ന സേവനമാണ് ഈശ്വരനുവേണ്ടി ചെയ്യുന്ന സേവനം എന്ന ഭാരതീയ സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന് ഭാവുകങ്ങള്‍ നേരുന്നതായും ശ്രീധരന്‍ പിള്ള പറഞ്ഞു.

ചടങ്ങിൽ പ്രവാസി ക്ഷേമ സമിതി രക്ഷാധികാരി എ ആര്‍ മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. ‘തൂലിക പണയം വെക്കുന്നവരുടെ ഇടയില്‍, പത്രപ്രവര്‍ത്തനം തെറ്റായ കാര്യങ്ങള്‍ എഴുതാനുള്ളതാണെന്ന് ജനം കരുതുന്ന കാലത്ത്, സത്യത്തിനും ധര്‍മ്മത്തിനും തൂലിക പടവാളാക്കുന്നവര്‍ അപൂര്‍വ ജനുസ്സാണ്. ആ അപൂര്‍വതയില്‍പെട്ടയാളാണ് ശ്രീകുമാര്‍ എന്നു പറയുന്നതില്‍ അഭിമാനമുണ്ട്. പണയം വെക്കാനുള്ളതല്ല, ധീരമായും സത്യസന്ധമായും ധര്‍മ്മത്തിനായി പോരാടാനുള്ളതാണ് തൂലിക എന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ശ്രീകുമാറിന്റെ സ്ഥാനം. അത്തരക്കാര്‍ അന്യം നിന്നു പോകുന്നു എന്നതാണ് വര്‍ത്തമാനകാല മാധ്യമ രംഗം നേരിടുന്ന ദുരവസ്ഥ’- എ ആര്‍ മോഹന്‍ പറഞ്ഞു.

നന്മയുള്ള ആളുകളെ ഒന്നിച്ചു ചേര്‍ത്ത് അവരുടെ സ്വമനസ്സുകളെ കോര്‍ത്തിണക്കി, സഹജീവികള്‍ക്കായി സേവനം ചെയ്ത് സമൂഹത്തില്‍ നന്മ വിതറുകയാണ് സേവാദര്‍ശന്‍ എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. എം കെ സുമോദ് അധ്യക്ഷം വഹിച്ചു. കെ അരുണ്‍, ഡി പ്രതാപ്, ആര്‍ ബിജുരാജ് എന്നിവര്‍ സംസാരിച്ചു. പി ശ്രീകുമാര്‍ മറുപടി പ്രസംഗം നടത്തി.

‘ഭാരതീയ സംസ്‌ക്കാരവും കലയും കുവൈറ്റില്‍ പ്രചരിപ്പിക്കുന്ന സേവാദര്‍ശന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കാനും സംഘടനയ്ക്ക് കഴിയുന്നു. അര്‍ഹരായവര്‍ക്ക് സേവനം എത്തിക്കുന്നതിന് എംബസിയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന മുന്‍നിര സംഘടനയാണ് സേവാദര്‍ശന്‍. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ചെയ്ത കാര്യങ്ങളെ അഭിനന്ദിക്കുന്നു. ആസാദി കി മഹോത്സവുമായി ബന്ധപ്പെടുത്തിയാണ് സേവാമൃതം പദ്ധതി നടക്കുന്നത്. ഭാരത സ്വാതത്ത്യന്റെ 75-ാം വാര്‍ഷികവും ഇന്ത്യാ – കുവൈറ്റ് നയന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികവും എംബസിയുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിക്കുമ്പോള്‍ പങ്കെടുക്കാനുള്ള യുവ തലമുറയുടെ ആവേശം പ്രചോദനം നല്‍കുന്ന കാര്യമാണ്’-കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് പറഞ്ഞു.

പരിപാടിയിൽ സുവനീറിന്റെ പ്രകാശനം ഭവന്‍സ് മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ എന്‍ കെ രാമചന്ദ്ര മോനോന്‍ നിര്‍വഹിച്ചു. സേവാദര്‍ശന്‍ പ്രസിഡന്റ് പ്രവീണ്‍ വാസുദേവന്‍ അധ്യക്ഷനായിരുന്നു. ആര്‍ സുന്ദരരാജന്‍, മണി ആശാദീപ്, എം മധൂസൂദനന്‍, എന്‍ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.തുടർന്ന് സേവാ ദര്‍ശന്‍ കുവൈറ്റ് നിര്‍മ്മിച്ച ഹ്രസ്വചിത്രം ‘പ്രതീക്ഷ’ എന്ന ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു.

ചടങ്ങിൽ മാറ്റുകൂട്ടി കലാപരിപാടികൾ നടന്നു. പ്രശസ്ത സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നയിച്ച സംഗീത നൃത്ത പരിപാടിയില്‍ ഗാനരചയിതാവ് ബിയാര്‍ പ്രസാദ്, പിന്നണി ഗായകന്‍ മിഥുന്‍ ജയരാജ്, ടോപ് സിംഗര്‍ ഫെയിം സീതാലക്ഷ്മി പ്രകാശ്, ഋതുരാജ്, കലാമണ്ഡലം ദേവി രവി, കലാമണ്ഡലം ശ്രുതി രവി, കൊറിയോഗ്രാഫര്‍മാരായ ഡോ. മധു ഗോപിനാഥ്, ഡോ. വൈക്കം സജീവ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Latest Articles