Wednesday, May 8, 2024
spot_img

പ്രാർത്ഥനകൾ വിഫലം ! ദില്ലിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു ;നഗരത്തിൽ തുറന്നു കിടക്കുന്ന കുഴൽ കിണറുകൾ 48 മണിക്കൂറിനുള്ളിൽ സീല്‍ ചെയ്യാൻ അടിയന്തിര നിർദേശം !

ദില്ലിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ യുവാവിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. 30 വയസ് പ്രായമുള്ള യുവാവ് ആണ് മരിച്ചതെന്നും ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുമെന്നും ദില്ലി മന്ത്രി അതിഷി മര്‍ലെന വ്യക്തമാക്കി. ഇയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദില്ലിയിൽ തുറന്നു കിടക്കുന്ന കുഴൽ കിണറുകൾ 48 മണിക്കൂറിനുള്ളിൽ സീല്‍ ചെയ്യാൻ അടിയന്തിര നിർദേശവും മന്ത്രി നൽകിയിട്ടുണ്ട്.

അതേസമയം, മരിച്ചയാളുടെ മറ്റു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. മുറിയിൽ പൂട്ടി സീൽ ചെയ്ത കുഴൽ കിണർ തകർത്താണ് വീണആൾ അകത്തു കടന്നത് എന്നാണ് നേരത്തെ മന്ത്രി വ്യക്തമാക്കിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം ഉള്‍പ്പെടെയുള്ളവയിൽ വ്യക്തത വരൂ എന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

പുലർച്ചെ ഒരു മണിയോടെ ഒരു കുട്ടി കുഴൽക്കിണറിൽ വീണതായാണ് അധികൃതർക്ക് വിവരം ലഭിച്ചത്. തൊട്ടു പിന്നാലെ കുട്ടിയല്ല പതിനെട്ടു വയസ് കഴിഞ്ഞ ആളാണ് വീണതെന്ന് വ്യക്തമായി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ദില്ലി ഫയർ സർവീസസിൻ്റെ നാല് വാഹനങ്ങൾ സ്ഥലത്തെത്തി. കുഴൽകിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് മൂന്ന് മണിയോടെ യുവാവിനെ പുറത്തെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. മണ്ണുമാന്തി യന്ത്രങ്ങൾക്ക് പുറമെ ആഴത്തിൽ കുഴിയെടുക്കാൻ ശേഷിയുള്ള പൊക്ലയിൻ യന്ത്രങ്ങളും സ്ഥലത്തെത്തിച്ചിരുന്നു.

Related Articles

Latest Articles