തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ കാണാതായ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പ് ചിത്ര ഹോമിന്റെ പുറകിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജോയിയുടെ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
റെയിൽവേയിൽ നിന്നും വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജീർണ്ണാവസ്ഥയിലാണ് ഇപ്പോൾ മൃതദേഹം ഉള്ളത്. എന്നാൽ, മൃതദേഹം ജീർണ്ണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ജോയിയെ കണ്ടെത്തുന്നതിനായി രാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചിരുന്നു. നാവിക സേനാംഗങ്ങൾക്കൊപ്പം ഫയർഫോഴ്‌സ്, സ്‌കൂബ ഡൈവേഴ്‌സ്, എൻഡിആർഎഫ് അംഗങ്ങളും തെരച്ചിലിനായി ഉണ്ടായിരുന്നു. 34 മണിക്കൂർ നീണ്ട തിരച്ചിൽ ഇന്നലെ രാത്രി നിർത്തിയിരുന്നു. റെയിൽവേ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. കൂടാതെ, വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. തുടർന്നാണ് ഇന്നലെ തെരച്ചിൽ അവസാനിപ്പിച്ചത്.

