Saturday, May 4, 2024
spot_img

“മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് ഭഗവദ്ഗീത പഠിപ്പിക്കുന്നു”; ദേശീയ ഭഗവത് ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഖുശ്ബു ഖാൻ എന്ന മുസ്ലീം പെൺകുട്ടി

അഹമ്മദാബാദ്: ദേശീയ ഭഗവത് ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ് ഈ മുസ്ലീം പെൺകുട്ടി

ഭഗവത് ഗീതയുടെ മഹത്വം ലോകം മുഴുവൻ വ്യാപിപ്പിക്കാൻ തയാറെടുത്തിരിക്കുകയാണ് ഗുജറാത്ത് സ്വദേശിയായ ഖുശ്ബു ഖാൻ എന്ന 14 വയസുകാരി. വൽസാദ് ജില്ലയിലെ ഉമർഗ്രാമിൽ സർക്കാർ സ്‌കൂളിലാണ് ഖുശ്ബു പഠിക്കുന്നത്. ഭഗവത് ഗീത ഈ ഏഴാം ക്ലാസുകാരിക്ക് കാണാപാഠമാണ്.

ഗുജറാത്ത് സർക്കാരിന്റെ പിന്തുണയോടെ എഡ്യൂട്ടർ ആപ്പാണ് ദേശീയ തലത്തിൽ ഭഗവത് ഗീത ക്വിസ് നടത്തിയത്. മത്സരത്തിൽ ഗീതയിലുള്ള പാഠങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഖുശ്ബു വിശദീകരിച്ചു.

തുടർന്നാണ് ഈ പെൺകുട്ടിക്ക് ഒന്നാം സമ്മാനം ലഭിച്ചത്. മുൻപ് സ്വാമി വിവേകാനന്ദൻ ക്വിസ് മത്സരത്തിൽ 1600 ഓളം ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിക്കൊണ്ട് ഖുശ്ബു ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

അതേസമയം ഖുശ്ബു ഖാന്റെ പിതാവ് അബ്ദുൾ ഖാൻ ഫാക്ടറി തൊഴിലാളിയാണ്. ഭഗവത് ഗീത പഠിക്കാനും മത്സരത്തിൽ പങ്കെടുക്കാനും മാതാപിതാക്കളാണ് പ്രോത്സാഹിപ്പിച്ചത് എന്ന് പെൺകുട്ടി പറഞ്ഞു.

ഇസ്ലാം ഒഴികെയുള്ള മതങ്ങളേയും ഇതിഹാസങ്ങളെയും കുറിച്ച് കൂടുതൽ അറിവ് നേടാനാണ് അവർ പറഞ്ഞതെന്നും ഇതിലൂടെയാണ് താൻ വിശ്വാസങ്ങളെക്കുറിച്ച് പഠിച്ചതെന്നും ഖുശ്ബു ഖാൻ വെളിപ്പെടുത്തി.

മാത്രമല്ല മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് ഗീതയിൽ നിന്നാണ് താൻ പഠിച്ചതെന്ന് ഖുശ്ബു പറഞ്ഞു. ജീവിതത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ അതിൽ നിന്ന് ശേഖരിക്കാൻ സാധിച്ചു. കൂടാതെ അനേകം മതങ്ങൾ ഉണ്ടെങ്കിലും മനുഷ്യത്വമാണ് എല്ലാറ്റിനുമുപരി എന്നതാണ് ഭഗവത് ഗീത തന്നെ പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഭാഗമെന്നും ഖുശ്ബു ഖാൻ പറഞ്ഞു. ഹിന്ദു മതത്തിൽ മഹാഭാരതത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഗീത വായിക്കാൻ തങ്ങൾ ഖുശ്ബുവിനെ പ്രോത്സാഹിപ്പിച്ചതായി പെൺകുട്ടിയുടെ പിതാവ് അബ്ദുൾ ഖാൻ പറഞ്ഞു.

എന്നാൽ സാമുദായിക പ്രശ്‌നങ്ങൾ രാജ്യത്തുടനീളം പടരുന്ന സാഹചര്യത്തിൽ, ഖുശ്ബുവിനെപ്പോലുള്ള പെൺകുട്ടികൾ പ്രതീക്ഷയുടെ വെളിച്ചമായി വളർന്ന് വരുന്നുണ്ടെന്ന് ഖുശ്ബുവിന്റെ സ്‌കൂൾ പ്രിൻസിപ്പൽ മാൽതി മധുകർ അഹിരെ പറഞ്ഞു. ഖുശ്ബു മിടുക്കിയായ കുട്ടിയാണ്. അവൾ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും നേടുന്നുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

Related Articles

Latest Articles