Friday, May 17, 2024
spot_img

നാവികസേന തലപ്പത്ത് സ്ത്രീ സാന്നിധ്യം ; ചരിത്രത്തിലാദ്യമായി വനിതാ കമാൻഡിം​ഗ് ഓഫീസറെ നിയമിച്ച് നാവികസേന

ദില്ലി : നാവികേസനയുടെ കമാൻഡിം​ഗ് ഓഫീസറായി വനിതയെ നിയമിക്കാൻ തീരുമാനം. സേനയുടെ ചരിത്രത്തിലാദ്യമായാണ് നാവികേസനയുടെ കമാൻഡിം​ഗ് ഓഫീസറായി സ്ത്രീയെ നിയമിക്കുന്നതെന്ന് നാവികസന മേധാവി അഡ്മിറൽ ആർ ഹരി കുമാർ വ്യക്തമാക്കി. ലെഫ്റ്റനന്റ് കമാൻഡറായ യുവതി ഐഎൻഎസ് ട്രിങ്കാറ്റിന്റെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റിന്റെ കമാൻഡിംഗ് ഓഫീസറായാകും ചുമതലയേൽക്കുക.

ഇന്ത്യൻ നാവികസേനയിൽ 1000-ത്തിലധികം വനിതാ അ​ഗ്നിവീറുകളെ ഉൾപ്പെടുത്തിയതായും അഡ്മിറൽ ആർ ഹരി കുമാർ വ്യക്തമാക്കി. ആദ്യ ബാച്ചിലെ അ​ഗ്നീവീരന്മാർ ഐഎൻഎസ് ചിൽക്കയിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. 272 വനിതാ അ​ഗ്നീവിർ ട്രെയിനികൾ ഉൾപ്പെടെയാണ് ഇവിടെ നിന്ന് ബിരുദം നേടിയത്. കൂടാതെ, രണ്ടാമത്തെ ബാച്ചിൽ 454 സ്ത്രീകളും ഉൾപ്പെട്ടിരുന്നു. സേനയിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും വരുന്ന വർഷത്തോടെ ആയിരത്തോളം വനിതാ അ​ഗ്നിവീറുകളെ നാവികസേനയുടെ ഭാ​ഗമാക്കുമെന്നും അഡ്മിറൽ ആർ ഹരി കുമാർ കൂട്ടിച്ചേർത്തു.

ഭാരതത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വർഷമാ‌യിരുന്നു 2023. നാവികസേനയ്‌ക്കും ശ്രദ്ധേയമായ വർഷമാണ് ഇത്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അന്തർവാഹിനികളും വിമാനങ്ങളും ഉൾപ്പെടുത്താൻ സേനയ്ക്ക് കഴിഞ്ഞു. സൈനിക, നയതന്ത്ര ദൗത്യങ്ങളും ചുമതലകളും ഏറ്റെടുത്ത് ലക്ഷ്യത്തിലെത്തിക്കാനും സേനയ്‌ക്ക് കഴിഞ്ഞു. ഇനിയും അത് തുടരുമെന്നും അഡ്മിറൽ ആർ ഹരി കുമാർ വ്യക്തമാക്കി. സ്വാശ്രയത്വവും സുസ്ഥിര വികസനവുമാണ് സേന ലക്ഷ്യം വെക്കുന്നത്. ഇന്ത്യയുടെ സ്വന്തം യുദ്ധവാഹിനികളും മറ്റ് പ്രതിരോധ സംവിധാനങ്ങളും സുസജ്ജമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലും അതിനപ്പുറവും അവ പ്രതിരോധം തീർക്കുന്നു. 21 ദശലക്ഷം ചതുരശ്ര നോട്ടിക്കൽ മൈൽ വിസ്തൃതിയിലാണ് സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ പ്രവർത്തനങ്ങളിലും സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അഡ്മിറൽ ആർ ഹരി കുമാർ വ്യക്തമാക്കി.

Related Articles

Latest Articles