Friday, May 3, 2024
spot_img

നല്ല സുഹൃത്ത് ; പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ; ചിത്രങ്ങൾ വൈറൽ

ദുബായ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനി. ദുബായിൽ COP 28 ഉച്ചകോടിയ്ക്കിടെ കണ്ടുമുട്ടിയപ്പോഴായിരുന്നു ഇരുവരും സൗഹൃദം പങ്കുവച്ചത്. നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം ഇറ്റാലിയൻ പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

നല്ല സുഹൃത്ത് എന്ന അടികുറിപ്പോടെയാണ് ജിയോർജിയ മെലോനി ചിത്രം പങ്കുവെച്ചത്. Melodi എന്ന ഹാഷ് ടാഗാണ് ചിത്രത്തിന് മെലോനി നൽകിയിരിക്കുന്നത്. Meloni+ Modi= Melodi എന്ന തലക്കെട്ടോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവയ്ച്ചിരിക്കുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.

ജി20 ഉച്ചകോടിയുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ജിയോർജിയ മെലോനി ഇന്ത്യ സന്ദർശിച്ചിരുന്നു. വ്യാപാരം, വാണിജ്യം, പ്രതിരോധം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരു നേതാക്കളും തമ്മിൽ ധാരണയായിരുന്നു. ലോകത്ത് ഏറ്റവുമധികം സ്നേഹിക്കപ്പെടുന്ന രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി എന്ന് മെലോനി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഭീകരവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമാന നിലപാടുള്ള നേതാക്കളാണ് മെലോനിയും നരേന്ദ്ര മോദിയും.

അതേസമയം, COP-28 ഉച്ചകോടിയുടെ ഭാ​ഗമായി ദുബായിലെത്തിയ പ്രധാനമന്ത്രി, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, തുർക്കി പ്രസിഡന്റ് ആർടി എർദോഗൻ, സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കാലാവസ്ഥയെയും സുസ്ഥിരവികസനത്തെയും അടിസ്ഥാനമാക്കിയുള്ള നടപടികളാണ് COP-28 ഉച്ചകോടിയിൽ ചർച്ചയാകുന്നത്. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദിയുടെ ദുബായ് സന്ദർശനം. ഈ മാസം 12 വരെയാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.

Related Articles

Latest Articles