കൊച്ചി: ഏഷ്യാനെറ്റിന്റെ കൊച്ചി റീജിയണൽ ഓഫീസ് എസ് എഫ് ഐ ആക്രമിച്ച സംഭവത്തിൽ ആക്രമണത്തിനെതിരെ ദേശീയ തലത്തിൽ അടക്കം വൻ പ്രതിഷേധം. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് തയ്യാറാവണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ വ്യക്തമാക്കി.തിരുവനന്തപുരം പ്രസ് ക്ലബും കെയുഡബ്ല്യുജെ ജില്ലാകമ്മിറ്റിയും അടക്കം വിവിധ മാദ്ധ്യമ കൂട്ടായമകളും സംഘടനകളും ഇന്ന് വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് മുപ്പതോളം വരുന്ന പ്രവർത്തകർ പാലാരിവട്ടം ഓഫിസിൽ അതിക്രമിച്ചു കയറിയത് .സെക്യൂരിറ്റി ജീവനക്കാരെ തള്ളിമാറ്റി അകത്തു കയറിയ പ്രവർത്തകർ പ്രവർത്തനം തടസപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസെത്തി പുറത്തു പോകാൻ ആവശ്യപ്പെട്ടിട്ടും അത് കൂസാതെ മുദ്രാവാക്യം മുഴക്കുകയാണ് ഇവർ ചെയ്തത്. അധിക്ഷേപ ബാനറും ഇവർ കെട്ടി. ചാനൽ അധികൃതർ നൽകിയ പരാതിയിൽ പ്രവർത്തകർക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.

