Tuesday, March 19, 2024
spot_img

“ഇമ്രാൻ ഖാന് തകർപ്പൻ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി”

പുൽവാമയിലെ ആക്രമണത്തിൽ പങ്ക് നിഷേധിച്ചും, ഇന്ത്യ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും പ്രസ്താവന ഇറക്കിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.

മുൻകാലങ്ങളിലെ പോലെ ഒളിച്ചു കളി ഇനി നടക്കില്ലെന്നും, ലോകസമക്ഷം തീവ്രവാദികളെ പോറ്റുന്ന അയൽക്കാരെ തുറന്നു കാട്ടുമെന്നും പറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി, ഇക്കുറി തിരിച്ചടി ഉറപ്പാണെന്നും, അവസാനത്തെ തീവ്രവാദിയെ ഇല്ലാതാക്കും വരെ ഇന്ത്യൻ സൈന്യം ഇനി വിശ്രമിക്കുകയില്ലെന്നും കൂട്ടിച്ചേർത്തു. ഇമ്രാന്റ്റെ പ്രസ്താവന വന്ന ദിവസം തന്നെ, വാരണാസിയിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കവെയാണ് നരേന്ദ്രമോദി പാകിസ്ഥാന് ചുട്ട മറുപടി നൽകിയത്.

പുൽവാമയിലെ ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം നടത്തുന്ന തയ്യാറെടുപ്പുകൾ ആശങ്കയിലാണ് പാകിസ്ഥാൻ. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചതും പാകിസ്ഥാന് ഭയപ്പാട് ഉളവാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ, പാകിസ്ഥാനിൽ നടത്തിയ സന്ദർശന വേളയിലും അവർ ഈ ആശങ്ക പങ്കു വച്ചിരുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിന്, സൗദി രാജകുമാരൻ ചൊവ്വാഴ്ച ഇന്ത്യയിൽ എത്തുമ്പോൾ ഈ വിഷയം ചർച്ച ആകുന്നതിന് വേണ്ടിയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇന്ന് കാലത്ത് ഈ പ്രസ്താവനയുമായി രംഗത്തെത്തിയതെന്ന് നയതന്ത്ര വിദഗ്ധർ കരുതുന്നു.

എന്നാൽ തൊട്ടു പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി പാകിസ്ഥാന് മറുപടി നൽകിയത് ഈ വിഷയത്തിലെ ഇന്ത്യയുടെ കടുത്ത നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, പാകിസ്ഥാനിൽ നിന്നും സൗദി രാജകുമാരൻ ഇന്ത്യയിലേക്ക് വരുന്നതിനോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന്, തിരികെ സൗദിക്ക് പോകേണ്ടി വന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഇന്ന് രാത്രി റിയാദിൽ നിന്നും ന്യൂദൽഹിയിലേക്ക് പറക്കും. സൗദിയോട് പോലും കാണിച്ച ഇന്ത്യയുടെ കർക്കശമായ ഈ നിലപാടും, പാകിസ്ഥാനെ ഭയപ്പെടുത്തുന്നുണ്ട്.

Related Articles

Latest Articles