Saturday, April 27, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ; വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും; ഖാദി ഉത്സവിൽ പങ്കെടുക്കും; ദ്വിദിന സന്ദർശനത്തിൽ ‘ചർക്കകളുടെ പരിണാമം’ എന്ന എക്‌സിബിഷനും ഉണ്ടായിരിക്കും

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം ജന്മനാടായ ഗുജറാത്തിൽ എത്തും. സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനും ഖാദി ഉത്സവിൽ പങ്കെടുക്കുന്നതിനുമായാണ് പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനം. അടൽ ബ്രിഡ്ജും, സ്മൃതി വാൻ മെമ്മോറിയലും അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും.

അഹമ്മദാബാദിലെ സബർമതിയിൽ ഇന്ന് വൈകീട്ട് 5.30 ഓടെ നടക്കുന്ന ഖാദി ഉത്സവിൽ പ്രധാനമന്ത്രി പങ്കെടുക്കും. ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ശേഷം നാളെ ഭുജിൽ സ്മൃതി വാൻ മെമ്മോറിയൽ ഉദ്ഘാടനം ചെയ്യും. വിവിധ വികസന പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. സബർമതി നദിയുടെ കിഴക്ക്-പടിഞ്ഞാറൻ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അടൽ ബ്രിഡ്ജും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഖാദി ഉത്സവം നടത്തുന്നത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ചാണ് . സ്വാതന്ത്ര്യ സമര കാലത്തെ ഖാദിയും അതിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് ഇത് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഗുജറാത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 7500 വനിതാ ഖാദി തൊഴിലാളികൾ ഒരേ സമയത്ത് ഒരേ സ്ഥലത്ത് വെച്ച് ചർക്ക നൂൽക്കുന്നതായിരിക്കും.

മാത്രമല്ല 1920 കൾ മുതൽ ഉപയോഗിച്ചുവരുന്ന വിവിധ തലമുറകളിൽ നിന്നുള്ള 22 ചർക്കകൾ പ്രദർശിപ്പിക്കാൻ ‘ചർക്കകളുടെ പരിണാമം’ എന്ന പേരിൽ എക്‌സിബിഷനും നടത്തുന്നതായിരിക്കും . ചടങ്ങിൽ ഗുജറാത്ത് രാജ്യ ഖാദി ഗ്രാമോദ്യോഗ് ബോർഡിന്റെ പുതിയ ഓഫീസ് കെട്ടിടവും സബർമതിയിലെ പാലവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു

Related Articles

Latest Articles