Friday, April 26, 2024
spot_img

ജമ്മുകശ്മീരിലെ നുഴഞ്ഞുകയറ്റ ശ്രമം; പാകിസ്ഥാൻ ഭീകരരുടെ പക്കല്‍ നിന്നും ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുത്തു; സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സൈന്യം

കശ്മീര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ രണ്ട് ദിവസം മുന്നേ നിയന്ത്രണ രേഖയ്‌ക്ക് സമീപം നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാൻ ഭീകരരുടെ പക്കല്‍ നിന്നും ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുത്തു. ഇതാദ്യമായിട്ടാണ് പാക് ഭീകരരില്‍ നിന്നും ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുക്കുന്നത്. ചൈനീസ് എം 16 റൈഫിളുകളാണ് കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സൈന്യം അറിയിച്ചു.

ഉറിയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് പാക് ഭീകരരെ ഇന്ത്യന്‍ സൈന്യവും കശ്മീര്‍ പോലീസും ചേര്‍ന്ന് വധിച്ചിരുന്നു. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഇവരുടെ കയ്യില്‍ നിന്നും വീണ്ടെടുത്തിട്ടുണ്ട്. ഈ കൂട്ടത്തിലാണ് ചൈനീസ് നിര്‍മ്മിത ആയുധങ്ങളും കണ്ടെടുത്തത്.

ഭീകരരുടെ കൈവശം ചൈന നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ എത്തുന്നു എന്നത് അതീവ ഗൗരവകരമാണെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നുമാണ് സൈനിക ഉദ്യോഗസ്ഥനായ അജയ് ചന്ദ്പുരിയ പറഞ്ഞത്. പ്രദേശത്ത് ഇപ്പോഴും സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. 120-140 ഭീകരര്‍ വരെ പാക് അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Latest Articles