പനാജി; അന്തരിച്ച ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍റിന് അന്ത്യോപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പനാജിയിലെ കലാ അക്കാദമിയിലെത്തിയാണ് മോദി പരീക്കറിന് അന്ത്യോപചാരം അര്‍പ്പിച്ചത്. മനോഹർ പരീക്കറിന്റെ കുടുംബത്തെയും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ തുടങ്ങിയവരും പരീക്കര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഇന്ന് രാവിലെ പഞ്ജിമിലെ ബി.ജെ.പി ഓഫീസിലെത്തിച്ച മനോഹര്‍ പരീക്കറുടെ മൃതദേഹത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ശേഷം പൊതുദര്‍ശനത്തിനായാണ് പനാജിയിലെ കലാ അക്കാദമിയിലേക്ക് മാറ്റിയത്. അഞ്ചുമണിയോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് പരീക്കറുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

താരതമ്യപ്പെടുത്താനാവാത്ത നേതാവായിരുന്നു മനോഹര്‍ പരീക്കറെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യസ്‌നേഹിയും മികച്ച ഭരണാധികാരിയുമായിരുന്ന പരീക്കർ ഏവരുടെയും പ്രശംസ നേടിയിരുന്ന അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭവനകള്‍ തലമുറകളോളം ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ഇന്നലെ വൈകിട്ടാണ് അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന മനോഹർ പരീക്കർ അന്തരിച്ചത്. കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്ന അദ്ദേഹം ഇടയ്ക്ക് വീണ്ടും കർമ്മപഥത്തിലേക്ക് മടങ്ങിയെത്തി ബജറ്റ് സമ്മേളനങ്ങളിലുൾപ്പെടെ പങ്കെടുത്തിരുന്നു.

മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധ മന്ത്രിയുമായിരുന്നു. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു പരീക്കർ. രാഷ്ട്രീയ ജീവിതത്തിലുടനീളം ലാളിത്യം കാത്തുസൂക്ഷിച്ച ജനങ്ങളുടെ നേതാവായിരുന്നു പരീക്കര്‍.