Monday, May 6, 2024
spot_img

വിഭജന ഭീതി സ്മരണ ദിനം; ബലിദാനികളായവരെ അനുസ്മരിച്ച് പ്രധാനമന്ത്രി; വിനാശകരമായ മതചിന്ത നിരപരാധികളുടെ ജീവനെടുത്തുവെന്ന് യോഗി ആദിത്യനാഥ്

ന്യൂഡൽഹി: വിഭജന ഭീതിയുടെ ദിനം രാജ്യത്തെ ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ വിഭജനത്തിൽ ജീവൻ നഷ്ടമായ ലക്ഷക്കണക്കിന് ബലിദാനികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും ദുരിതമനുഭവിച്ച ഓരോരുത്തരുടെയും സഹിഷ്ണുതയെയും ധീരതയെയും അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മൃതി ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

സ്വാതന്ത്ര്യപുലരിയുടെ തലേദിവസമായ ഓഗസ്റ്റ് 14 നൊമ്പരത്തോടെയാണ് ഭാരതം ഓർക്കുന്നത്. പാകിസ്താൻ എന്ന ഭൂവിഭാഗത്തെ ഭാരതത്തിൽ നിന്ന് അടർത്തി മാറ്റിയതിന് ശേഷം നടന്നിട്ടുള്ളത് ക്രൂരമായ നരഹത്യകളാണ്. ഒന്നേകാൽ കോടി ആളുകളാണ് പലായനത്തിന്റെ കയ്പ്പറിഞ്ഞത്. പത്ത് ലക്ഷത്തോളം ആളുകൾക്ക് വിഭജനത്തെ തുടർന്നുണ്ടായ കലാപങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ. അക്കാലയളവിൽ ദുരിതമനുഭവിച്ചവരുടെ സ്മരണയ്‌ക്കായി ഓഗസ്റ്റ് 14 വിഭജനഭീതി സ്മൃതി ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

വിനാശകരമായ മതചിന്ത മൂലം വിഭജന വേളയിൽ ലക്ഷക്കണക്കിന് നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെടുകയും കോടിക്കണക്കിന് പൗരന്മാർക്ക് മനുഷ്യത്വരഹിതമായ യാതനകൾ അനുഭവിക്കേണ്ടി വന്നുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങളിലേക്ക് കടക്കും മുമ്പ് വിഭജനത്തിന്റെ ദുരിതമനുഭവിച്ച സഹോദരങ്ങളെ സ്മരിക്കേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിക്കുകയാണ് പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ.

Related Articles

Latest Articles