അലിഗഡ്: തന്റെ പ്രഥമ പരിഗണന മുസ്ളീം സർവകലാശാലയിൽ സൂക്ഷിക്കുന്ന മുഹമ്മദ് അലി ജിന്നയുടെ ചിത്രം പാകിസ്താനിലേക്ക് അയക്കുന്നതിനാണെന്ന് രണ്ടാംവട്ടവും അലിഗഡ് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി സതീഷ് കുമാർ. വൻ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനുപിന്നാലെ ആദ്യം ചെയ്യുന്ന കാര്യങ്ങൾ എന്താണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സതീഷ് കുമാർ ഗൗതം.
“എന്റെ പ്രഥമ പരിഗണന അലിഗഡ് മുസ്‌ലീം സർവകലാശാലയിലെ ഒരു മുറിയിൽ പൂട്ടിവച്ചിരിക്കുന്ന മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം പാകിസ്താനിലേക്ക് അയക്കുന്നതിനാണ്” സതീഷ് പറഞ്ഞു.
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർഥികളുടെ സംവരണത്തിനും പ്രഥമ പരിഗണന കൊടുക്കുമെന്ന് പറഞ്ഞ അദ്ദേഹം എല്ലാവർക്കും ഒപ്പം,എല്ലാവർക്കും വികസനം എന്നതാണ് തന്റെ ലക്ഷ്യം എന്നും വ്യക്തമാക്കി.
അടുത്തിടെയാണ് പാകിസ്ഥാൻ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം സർവകലാശാലയിൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടത്. ചിത്രം നീക്കണം എന്നാവശ്യപ്പെട്ട് എംപിയായ സതീഷ് വൈസ് ചാന്സലർക്ക് കത്തെഴുതിയിരുന്നു. എന്നാൽ ജിന്ന സർവകലാശാലയുടെ സ്ഥാപക അംഗമാണെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ താരിഖ് മൻസൂർ ഈ ആവശ്യം നിരകരിച്ചു. അതോടെയാണ് വിവാദം സംഘർഷത്തിലേക്ക് നീങ്ങിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. രാജ്യത്തെ വിഭജിച്ച മുഹമ്മദ് അലി ജിന്ന രാജ്യത്ത് ആദരിക്കപ്പെടരുത് എന്ന് വ്യക്തമാക്കിയ യോഗി അദ്ദേഹത്തിന്റെ നേട്ടങ്ങളെ എങ്ങനെ ആഘോഷിക്കാനാകും എന്നും ചോദിച്ചിരുന്നു.

