കൊച്ചി: നടന്‍ പൃഥ്വിരാജ് വാടകയ്ക്ക് നല്‍കിയ ഫ്‌ളാറ്റില്‍ നിന്നും ലഹരി മരുന്നുമായി യുവാവ് പിടിയിലായെന്ന വാര്‍ത്തകളില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. വിനായകനെ അവഹേളിച്ച മാധ്യമങ്ങള്‍ സിനിമാ പ്രമോഷന് എത്തിയ പൃഥ്വിരാജിനോട് മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ചോദ്യമൊന്നും ചോദിക്കാന്‍ ധൈര്യം കാണിച്ചില്ലെന്നാണ് വിമര്‍ശനം.
എന്തുകൊണ്ട് മാധ്യമങ്ങൾ പൃഥ്വിരാജിനെ വെറുതെ വിടുന്നു എന്നാണ് ഹരീഷിന്റെ ചോദ്യം. ദിലീപിനും വിനായകനും പൃഥ്വിരാജിനും ഒക്കെ പല നീതിയാണോ എന്നും അദ്ദേഹം ചോദിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ, തനിക്ക് പൾസർ സുനിയെ അറിയില്ല എന്നാണ് ദിലീപ് പറഞ്ഞതെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.
ഫെയ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എല്ലാം വാർത്തകൾ ആണ്..വാർത്തകൾ കേൾക്കുന്നതുകൊണ്ട് പറയുകയാണ്…പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്ലാറ്റിൽനിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപോലീസ് അറസ്റ്റ് ചെയ്യുന്നു…പോലീസ് പൃഥിവിനോട് അയാളെ പറ്റി ചോദിക്കൂമ്പോൾ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല…ഒരു ഏജൻസി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന് …നടിയെ ആക്രമിച്ച കേസിൽ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത് പൾസർ സുനിയെ എനിക്ക് അറിയില്ലാ എന്ന്..വിനായകൻ സ്ത്രി സമൂഹത്തെ മുഴുവൻ അടച്ച ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വിത്യാസം അതേപടി നിലനിർത്തികൊണ്ടുതന്നെ ചോദിക്കട്ടെ..ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട,നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങൾ പത്രക്കാരുടെ മുന്നിലിരുന്നപ്പോൾ നാവ് പണയം കൊടുത്ത നിങ്ങൾക്ക് ഉണ്ടായില്ലല്ലോ.. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം..വിനായകനോട് എന്തും ആവാം..കാരണം അവൻ കറുത്തവനാണ്..ദളിതനാണ്…പൃഥിരാജ് വെളുത്തവനാണ്..നായരാണ്..സൂപ്പർസ്റ്റാറാണ്..പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്…അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തിൽ പൃഥിരാജിന്റെ വാർത്താസമ്മേളനം കാണാൻ ആഗ്രഹമുണ്ട്..പോലീസിന്റെ വിശദികരണവും കേൾക്കാൻ ആഗ്രഹമുണ്ട്…കാരണം ഞങ്ങൾ ജനഗണമന ചൊല്ലുന്നവരാണല്ലോ…ജയഹേ…ജയഹേ…ജയഹേ..

