വാര്‍ദ്ധ: സ്വകാര്യ ആശുപത്രിയുടെ ബയോഗ്യാസ് പ്ലാന്റിൽ നിന്ന് പതിനൊന്ന് തലയോട്ടികളും 56 ഭ്രൂണാസ്ഥികളും കണ്ടെത്തി. മഹാരാഷ്ട്രയിലെ വാര്‍ദ്ധ ജില്ലയിലാണ് സംഭവം. പതിമൂന്ന് വയസുകാരിയുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനിടെയാണ് പോലീസ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്.
പതിമൂന്ന് വയസുകാരിയെ നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തിക്കുന്നതിനായി വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ രേഖാ കദാം എന്ന ഡോക്ടര്‍ അറസ്റ്റിലായിരുന്നു. തലയോട്ടികളും അസ്ഥികളും പരിശോധനയ്ക്കായി അയച്ചു. ഇവ നിയമവിരുദ്ധമായാണോ നിക്ഷേപിച്ചത് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഗര്‍ഭച്ഛിദ്രം നടത്തിയില്ലെങ്കില്‍ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുമെന്ന് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഗര്‍ഭച്ഛിദ്രം നടത്താനുള്ള പണവും ഇവര്‍ നല്‍കിയിരുന്നു എന്ന് പോലീസ് പറഞ്ഞു.

