Monday, April 29, 2024
spot_img

സീറോ മലബാർ സഭ ഭൂമിയിടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് വീണ്ടും കുരുക്ക്; റവന്യു വകുപ്പ് അന്വേഷണം തുടങ്ങി

കോട്ടയം: സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്‌ക്കെതിരെ അന്വേഷണം. ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ ബീന പി ആനന്ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സഭയുമായി ബന്ധപ്പെട്ട ഭൂമിയിടപാടിൽ സഭയക്ക് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ കേസ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്.

എന്നാൽ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഭൂമിയിടപാടിന് എത്രപണം കൊടുത്തു എന്നതിനും കൃത്യമായി രേഖകളില്ല. ഇടനിലക്കാരൻ സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദിനാളെന്ന് പ്രൊക്യുറേറ്റർ മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോട്ടപ്പടി ഭൂമി മറിച്ചുവിൽക്കാൻ ചെന്നൈയിൽ നിന്നുളള ഇടപാടുകാരെ കർദിനാൾ നേരിട്ട് കണ്ടെന്നും ഫാദർ ജോഷി പുതുവ ഇൻകം ടാക്സിന് മൊഴി നൽകി. മൂന്നാറിലെ ഭൂമിയിടപാടിൻറെ വരുമാനത്തിന്റെ ഉറവിടം എവിടെനിന്ന് എന്നും കൃത്യമായി പറയാനാകുന്നില്ല. മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയൽ എസ്റ്റേറ്റ് ഇടപാടിലാണ് സഭ പങ്കാളികളായത്.

അതിരൂപതയുടെ അക്കൗണ്ടിൽ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകൾ നടത്തിയത്. യഥാർഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകൾ നടത്തിയതെന്നും ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇടനിലക്കാരനായ സാജു വർഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചു വിറ്റ് വിൽപ്പന നടത്തി. ഈ ഇടപാടുകളിലും യഥാർഥ വിലയല്ല രേഖകളിൽ കാണിച്ചത്. വൻ നികുതിവെട്ടിപ്പാണ് ഇടപാടുകൾ വഴി നടത്തിയതെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.

തുടർന്ന് മാർ ജോർജ്ജ് ആല‌ഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസിൽ വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു. വിചാരണ കോടതിയിൽ കർദ്ദിനാൾ ഹാജരായി ജാമ്യമെടുക്കണം. കേസിൽ വിചാരണാ നടപടികളിലേക്ക് കടക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം 2007 സെപ്റ്റംബർ 21 ന് രജിസ്റ്റർ ചെയ്ത ഭൂമി ഇടപാടിലാണ് കോടികളുടെ ക്രമക്കേട് നടന്നതായി പരാതി ഉയർന്നത്. ഇത് മൂലം അതിരൂപതയ്‌ക്ക് വൻ നഷ്ടം സംഭവിച്ചത് ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശിയാണ് ആലഞ്ചേരിക്കെതിരെ പരാതിയുമായി എത്തിയത്.

Related Articles

Latest Articles