പാലക്കാട്: മണ്ഡലത്തിലെ ജനങ്ങൾ മഴക്കെടുതിയിൽ വലഞ്ഞിട്ടും തിരിഞ്ഞുനോക്കാതിരുന്ന തൃത്താല എംഎൽഎ വി ടി ബല്‍റാമിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു വെള്ളിയാങ്കല്ല് പാലത്തില്‍ വച്ച് എംഎൽഎയെ നാട്ടുകാർ തടഞ്ഞത്. വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടര്‍ പൂര്‍ണ്ണമായും തുറന്ന് വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ എംഎല്‍എ ഇടപെട്ടില്ലന്ന കാരണത്താലാണ് നാട്ടുകാര്‍ ബല്‍റാമിനെ തടഞ്ഞുവെച്ചത്.
വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ ബൽറാമിന്റെ മണ്ഡലത്തിലെ തൃത്താല-പട്ടാമ്പി മേഖലകളിലുള്ള പല പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. ഭാരതപ്പുഴ ഇരുകരയിലും കയറി ഒഴുകാന്‍ തുടങ്ങിയതോടെ തീരദേശ മേഖല വെള്ളത്തിനടിയിലായി. വെള്ളിയാങ്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് മുകള്‍ വശം തഴുകിയാണ് ഭാരതപ്പുഴ ഇപ്പോൾ ഒഴുകുന്നത്. റെഗുലേറ്റര്‍ ഷട്ടർ പൂർണമായും ഉയര്‍ത്താന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതോടെ പട്ടാമ്പി ടൗണിലും തീരപ്രദേശങ്ങളിലും പെട്ടെന്ന് വെള്ളം കയറുകയായിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്താൻ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
27 ഷട്ടറുകളില്‍ 14 ഷട്ടറുകള്‍ പൂര്‍ണമായും രണ്ടു ഷട്ടറുകള്‍ ഭാഗികമായുമാണ് ഉയര്‍ത്താന്‍ സാധിച്ചത്. ബാക്കി 10 ഷട്ടറുകള്‍ അറ്റകുറ്റപണി നടത്തിയിട്ടേ തുറക്കാന്‍ സാധിക്കൂവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. രാവിലെ ക്രെയിന്‍ ഉപയോഗിച്ച് ഷട്ടറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പട്ടാമ്പി തൃത്താല മേഖലയിലെ തീര പ്രദേശങ്ങള്‍ വെള്ളത്തിലായി.
എല്ലാ ഷട്ടറുകളും പൂര്‍ണ്ണമായും തുറക്കാത്തത് ചോദ്യം ചെയ്ത നാട്ടുകാര്‍ വി ടി ബല്‍റാമിനെ വെള്ളിയാങ്കല്ല് പാലത്തില്‍ വച്ച് തടയുകയായിരുന്നു. പാലം സന്ദര്‍ശിക്കാന്‍ എത്തിയ ബൽറാമിനോട് ഷട്ടറുകളുടേ കേടുപാടുകള്‍ പരിഹരിക്കാത്ത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പിന്നീട് പോലീസെത്തിയാണ് എംഎല്‍എയെ പ്രതിഷേധക്കാരില്‍ നിന്നും രക്ഷപ്പെടുത്തിയത്.

