Wednesday, September 30, 2026

സമരം 21-ാം ദിനത്തിൽ; നിരാഹാരപ്പന്തലിൽ നാടകീയ രംഗങ്ങൾ!സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി..

ദില്ലി :ജന്തർ മന്തറിൽ നടന്നുവന്ന നിരാഹാര സമരപ്പന്തലിൽ നിന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്നു വന്ന സമരം 21-ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പൊലീസിന്റെ അപ്രതീക്ഷിത ഇടപെടൽ.

​ആരോഗ്യനില മോശമായതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ, വലിയ പൊലീസ് സന്നാഹത്തോടെ വെള്ള ബെഡ്ഷീറ്റ് കൊണ്ട് മൂടി വാങ്ചുക്കിനെ കൊണ്ടുപോയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നേതാക്കൾ ആരും ഇല്ലാത്ത സമയത്താണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് സിജെപി പ്രവർത്തകർ ആരോപിക്കുന്നു.

​അതേസമയം, വാങ്ചുക് നിരാഹാരത്തിൽ ഇരിക്കുമ്പോൾ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് സമരത്തിനിടയിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി വാങ്ചുക്കിന് നേരെ ആക്രമണശ്രമം ഉണ്ടായെന്നും, ചിലർ വസ്തുക്കൾ വലിച്ചെറിഞ്ഞെന്നും ദീപ്കെ നേരത്തെ ആരോപിച്ചിരുന്നു. എങ്കിലും സോനം വാങ്ചുക്കിന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.

​ജൂൺ 20-ന് സിജെപി തുടങ്ങിയ പ്രതിഷേധത്തിന്റെ ഭാഗമായി ജൂൺ 27-നാണ് സോനം വാങ്ചുക് നിരാഹാരം ആരംഭിച്ചത്. ഇതിനിടെ അദ്ദേഹത്തിന്റെ ഭാരം 9.5 കിലോയോളം കുറഞ്ഞത് ആരോഗ്യപ്രവർത്തകരിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്തായാലും, പൊലീസ് നടപടിക്ക് പിന്നാലെ സിജെപി പ്രവർത്തകർ വലിയ പ്രതിഷേധമാണ് ജന്തർ മന്തറിൽ ഉയർത്തുന്നത്.

Related Articles

Latest Articles