ചെങ്ങന്നൂർ: വിശാൽ വധക്കേസ് അട്ടിമറിക്കപ്പെട്ടത് കേരളത്തിലെ ഭരണകൂടം മതതീവ്രവാദത്തിന് നൽകുന്ന പരസ്യമായ ഒത്താശയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണൻ. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ നടന്ന വിശാൽ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിന്റെ വിചാരണാ വേളയിൽ എന്ത് സംഭവിച്ചുവെന്നത് എല്ലാവർക്കും അറിയാം. പ്രതികളെ രക്ഷിക്കാൻ എസ്എഫ്ഐ, കെഎസ്യു നേതാക്കൾ വരെ മൊഴി മാറ്റി. പോപ്പുലർ ഫ്രണ്ട് തീവ്രവാദികളോട് ആരു കൂടുതൽ വിധേയത്വം കാണിക്കുന്നു എന്ന കാര്യത്തിൽ ഇടതു-വലതു സർക്കാരുകൾ തമ്മിൽ വലിയ മത്സരമായിരുന്നു നടന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
എബിവിപി ജില്ലാ സെക്രട്ടറി അകുൽ ആർ. കമ്മത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ അഭിജിത്ത് അനിൽകുമാർ, എസ്. അശ്വിൻ എന്നിവരും സംസാരിച്ചു.
അതേസമയം, വിശാലിന്റെ ജന്മനാടായ മുളക്കുഴയിലെ കോട്ട ശ്രീശൈലത്തിൽ രാവിലെ തന്നെ അനുസ്മരണ ചടങ്ങുകളും പുഷ്പാർച്ചനയും നടന്നിരുന്നു. ആർഎസ്എസ് പ്രാന്ത സഹപ്രചാർ പ്രമുഖ് വി.എൻ. ദിലീപ് കുമാർ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി. നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ 0ഓർമ്മകളാണ് ഇന്നും സംഘപ്രസ്ഥാനങ്ങൾക്ക് കരുത്ത് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ വിശാൽ മുന്നോട്ട് വെച്ച ദേശീയബോധം ഓരോ പ്രവർത്തകനും നെഞ്ചിലേറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ആർ. മധു, സി.ജെ. മധുപ്രസാദ്, ഒ.കെ. അനിൽ, എം. മിഥുൻ, ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, കെ.എം. ഗിരീഷ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. 2012-ൽ നടന്ന ആ കൊലപാതകത്തിൽ, പ്രതിചേർക്കപ്പെട്ട 19 പേരെയും കഴിഞ്ഞ ഡിസംബറിൽ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

