തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കീഴടങ്ങി. കേസിലെ രണ്ടാം പ്രതി പ്രണവും നാലാം പ്രതി സഫീറുമാണ് കീഴടങ്ങിയത്. തിരുവനന്തപുരം സിജെഎം കോടതിക്കുമുന്നിലാണ് പ്രതികള്‍ കീഴടങ്ങിയത്. സിവില്‍ പോലീസ് ഓഫിസര്‍ പരീക്ഷയിലെ രണ്ടാം റാങ്കുകാരനാണ് പ്രണവ്.
പരീക്ഷാ തട്ടിപ്പിന്‍റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. പ്രണവിനെ നേരത്തെ പിഎസ്‌സി വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതിന് പിന്നാലെ പ്രണവ് ഒളിവില്‍പ്പോകുകയായിരുന്നു. ക്രൈംബ്രാഞ്ച് ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

