കോഴിക്കോട്: കോഴക്കേസിൽ കുടുങ്ങിയ സിപിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കി പുറത്താക്കപ്പെട്ട യുവനേതാവ് പ്രമോദ് കോട്ടൂളി. തന്നെ നശിപ്പിക്കാൻ പാർട്ടിയിലെ ചിലർ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമോദ്. തന്നെ കുടുക്കാൻ ഒരു ജില്ലാക്കമ്മറ്റിയംഗം കൃത്രിമ തെളിവുണ്ടാക്കി പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചു. തനിക്കെതിരായി നടന്ന ഗൂഡാലോചനയുടെ തെളിവുകൾ പാർട്ടി സംസ്ഥാന കമ്മിറ്റിക്കും കൺട്രോൾ കമ്മീഷനും നൽകും. നീതി കിട്ടിയില്ലെകിൽ പോലീസിനെയും കോടതിയെയും സമീപിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരുടെ പേരുകൾ അടക്കം ദുരുപയോഗം ചെയ്‌ത് സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും പൊതുപ്രവർത്തകന് നിരക്കാത്ത റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി സിപിഎം പ്രമോദിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കിയിരുന്നു.
അതേസമയം കോഴക്കേസിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നു. അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. പി എസ് സി അംഗത്വം നൽകുന്നതിനായി 60 ലക്ഷം രൂപ ആവശ്യപ്പെടുകയും 20 ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ച് പണംവാങ്ങിയെന്നും പ്രമോദിനെതിരെ ആദ്യം ആരോപണം ഉയർന്നിരുന്നു. ഇകാര്യത്തിൽ പാർട്ടിക്ക് പരാതി നൽകുകയായിരുന്നു. എന്നാൽ വാങ്ങിയ പണം പരാതിക്കാരന് തിരിച്ചുനൽകി ഒത്തുതീർപ്പാക്കിയിരുന്നു.
സാമ്പത്തിക ഇടപാടിൽ തനിക്ക് പങ്കില്ലെന്നും ആർക്കാണ് പണം നൽകിയതെന്ന് വ്യക്തമാക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രമോദ് കോട്ടൂളി പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിന് മുന്നിൽ സമരം ആരംഭിച്ചിരുന്നു. എന്നാൽ താൻ പണം പ്രമോദിന് നൽകിയിട്ടില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കിയതോടെ കോഴവാങ്ങിയത് ആരെന്നും തിരിച്ചു നൽകിയത് ആരെന്നുമുള്ള ചോദ്യം ബാക്കിയായി.

