Wednesday, May 22, 2024
spot_img

മൃതദേഹം ദഹിപ്പിക്കണം, കണ്ണുകള്‍ ദാനം ചെയ്തു; റീത്ത് വെക്കരുത്; ചന്ദ്രകളഭം എന്ന ഗാനം വേണം’; പി.ടി.യുടെ അന്ത്യാഭിലാഷങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: തന്‍റെ മരണശേഷം ചെയ്യേണ്ട കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടാണ്​ തൃക്കാക്കര എം.എൽ.എയും കോൺഗ്രസ്​ നേതാവുമായ പി.ടി തോമസ് (PT Thomas) വിടവാങ്ങിയത്. തന്റെ മൃതദേഹത്തിൽ ഒരു റീത്ത് പോലും അർപ്പിക്കരുതെന്ന് അദ്ദേഹം ഏറ്റവും അടുത്തയാളുകളോട് ആവശ്യപ്പെട്ടിരുന്നു. അസുഖം മൂർഛിച്ച ഘട്ടത്തിൽ തന്നെ അന്ത്യാഭിലാഷങ്ങൾ എഴുതി സൂക്ഷിക്കാൻ അദ്ദേഹം മറന്നില്ല.

സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍വേണ്ടെന്നാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. രവിപുരം ശ്മാനശനത്തില്‍ ദഹിപ്പിക്കണം. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. മൃതദേഹത്തില്‍ റീത്തുകളോ മറ്റു ആഢംബരങ്ങളോ വെക്കരുത്, പൊതുദര്‍ശന സമയത്ത് ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പി.ടി.തോമസിനുള്ളത്.

കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ രാവിലെ 10.15 നായിരുന്നു പിടി യുടെ അന്ത്യം. കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്സഭയിൽ അംഗവുമായിരുന്നു പി.ടി തോമസ്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. വിദ്യാർത്ഥി ആയിരുന്നപ്പോൾ തന്നെ കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനായിരുന്നു തോമസ്. കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡൻറ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Latest Articles