Thursday, May 9, 2024
spot_img

പിടി ഉഷ ഇനി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അദ്ധ്യക്ഷ;
ഐഒഎ തലപ്പത്തെ ആദ്യ വനിതയായി കേരളത്തിന്റെ സ്വന്തം പയ്യോളി എക്‌സ്പ്രസ്

ദില്ലി : ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അദ്ധ്യക്ഷയായി പിടി ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പിടി ഉഷ. സുപ്രീം കോടതി മുൻ ജസ്റ്റിസ് എൽ.നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ ഉഷയെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.

നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ. മുൻപ് ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവിയും അവർ വഹിച്ചിരുന്നു.

95 വർഷത്തെ ചരിത്രമുള്ള ഐഒഎയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാണ് പിടി ഉഷ. യാദവീന്ദ്ര സിങ് മഹാരാജാവാണ് മുൻപ് കായികലോകത്ത് നിന്നും ഐഒഎ അദ്ധ്യക്ഷനായത്. 1934 ൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ കളിച്ചിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ കായികലോകവുമായുള്ള ബന്ധം.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷയെ കണക്കാക്കുന്നത്. 1985 ലും 1986 ലും ലോക അത്ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷ ഒഴികെ ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല. 1980 ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഉഷയുടെ അരങ്ങേറ്റം. 1982 ൽ ഡെൽഹിയിൽ വച്ചു നടന്ന ഏഷ്യാഡിൽ നൂറുമീറ്റർ ഓട്ടത്തിലും, ഇരുന്നൂറുമീറ്റർ ഓട്ടത്തിലും വെള്ളിമെഡൽ കരസ്ഥമാക്കി. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ നാനൂറു മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Related Articles

Latest Articles