Friday, April 26, 2024
spot_img

പഞ്ചാബിൽ പോര് രൂക്ഷം; സർക്കാർ രൂപീകരിയ്ക്കാനുള്ള നെട്ടോട്ടത്തിൽ കോൺഗ്രസ്; പാക് ചാരനായ സിദ്ധുവിനെ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്ന് അമരീന്ദർ സിംഗ്

ചണ്ഡീഗഡ്: പഞ്ചാബിൽ സർക്കാർ രൂപീകരിയ്ക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കി കോൺഗ്രസ്സ്. നവജ്യോത് സിംഗ് സിദ്ധു, സുനിൽ ജഖർ, പ്രതാപ് സിംഗ് ബാജ്വ, അമ്പികാ സോണി തുടങ്ങിയവരിൽ ആരെങ്കിലും മുഖ്യമന്ത്രി ആകും എന്നാണ് വിവരം. പഞ്ചാബ് മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. എഐസിസി നിരീക്ഷകരോട് പഞ്ചാബിൽ തന്നെ തുടരാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടതിന് പിന്നാല ഹൈക്കമാൻഡ് ഇടപെട്ട് അമരീന്ദർ സിംഗിനെ നീക്കുകയായിരുന്നു.

എന്നാൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സുഹൃത്തായ നവജ്യോത് സിംഗ് സിദ്ധുവിനെ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്നാണ് അമരീന്ദർ സിംഗിന്റെ നിലപാട്. പഞ്ചാബ് രാഷ്ട്രിയത്തിൽ കോൺഗ്രസ്സിന്റെ തലയെടുപ്പുള്ള മുഖമായിരുന്നു ക്യാപ്റ്റൻ അമരീന്ദർ സിംഗ്. അമരീന്ദർ സിംഗിന്റെ പകരക്കാരനായുള്ള തിരച്ചിൽ അതുകൊണ്ട് തന്നെ കോൺഗ്രസ്സിന് വലിയ വെല്ലുവിളിയാണ്. പാർട്ടിയുടെ മുതിർന്ന നേതാക്കൾ നൽകുന്ന വിവരം അനുസരിച്ച് സുനിൽ ജഖറിന് ആകും നറുക്ക് വീഴുകയെന്നാണ്. പ്രതാപ് സിംഗ് ബാജ്‌വ ആണ് കോൺഗ്രസ്സിന് മുന്നിലെ മറ്റൊരു ഉപാധി. മുൻ യൂത്ത് കോൺഗ്രസ് ദേശിയ അദ്ധ്യക്ഷൻ, പാർട്ടി സംസ്ഥാനാധ്യക്ഷൻ എന്നീ പദവികളിലെ പ്രവർത്തനം സാമാന്യം ഭേഭപ്പെട്ടതായിരുന്നു എന്നതാണ് ഇദ്ദേഹത്തിനുള്ള അനുകൂല ഘടകം. മുതിർന്ന കോൺഗ്രസ് നേതാവ് അമ്പിക സോണിയാണ് പരിഗണിയ്ക്കപ്പെടുന്ന മറ്റൊരു പേര്. കോൺഗ്രസ് അദ്ധ്യക്ഷയുമായുള്ള ബന്ധവും ദീർഘമായ പാർലമെന്ററി പ്രവർത്തന പാരമ്പര്യവും ഒക്കെയാണ് അമ്പികാ സോണിയ്ക്കുള്ള അനുകൂല ഘടകങ്ങൾ. ഇതിനെല്ലാം പുറമേ, നിലവിൽ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം വഹിയ്ക്കുന്ന സിദ്ധു തന്നെ അവസാനം മുഖ്യമന്ത്രി പദത്തിലേയ്ക്ക് പരിഗണിയ്ക്കപ്പെടാനും സാധ്യത എറെയാണ്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ശേഷിക്കെ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുന്ന ജനകീയ മുഖമാണ് ഹൈക്കമാൻഡ് തേടുന്നത്. അമരീന്ദർ സിംഗിനെ അനുനയിപ്പിക്കേണ്ടതിനാൽ സിദ്ധുവിനെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചേക്കില്ല. കോൺഗ്രസിലെ പരസ്യ പോരിനൊടുവിലാണ് അമരീന്ദർ സിംഗിന്റെ മുഖ്യമന്ത്രി കസേര തെറിപ്പിച്ചത്. പിസിസി അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് സിദ്ധുവിനെ കൊണ്ടുവന്നതിൽ അമരീന്ദർ സിംഗ് അസ്വസ്ഥനായിരുന്നു. നാൽപ്പതോളം എംഎൽഎമാർ അമരീന്ദർ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിയ്‌ക്ക് കത്ത് നൽകിയിരുന്നു. പാർട്ടി വിടുമെന്ന ഭീഷണി അവഗണിച്ച നേതൃത്വം രാജിവെയ്‌ക്കണെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

Related Articles

Latest Articles