Sunday, May 5, 2024
spot_img

പുതിയ നായകനെ കാത്ത് പുതുപ്പള്ളി; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, പ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: പുതുപ്പള്ളിയിലെ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഉമ്മൻ ചാണ്ടിയുടെ പിൻ​ഗാമി ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയകേരളം. ഇന്ന് രാവിലെ എട്ടുമണിയോടെ ബസേലിയസ് കോളേജിലാണ് വോട്ടെണ്ണൽ. എട്ടരയോടെ ആദ്യഫല സൂചനകൾ പുറത്തുവരും. ലിജിൻലാൽ (എൻഡിഎ),ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി. തോമസ് (എൽഡിഎഫ്) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.

അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന കിട്ടും. കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്‍റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ൽ താഴെ പിടിച്ചുനിർത്താനാവുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.

പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ. തുടർന്ന് 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും.

അവസാന കണക്കുകളനുസരിച്ച് 72.86 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ്. തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. ഉപതെരഞ്ഞെടുപ്പിൽ 1,28,535 പേരാണ് വോട്ട് ചെയ്തത്. ഏഴു സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മൻ, എൽഡിഎഫിന്റെ ജെയ്ക് സി തോമസ്, ബിജെപിയുടെ ലിജിൻ ലാൽ എന്നിവർ തമ്മിലാണ് പ്രധാന മത്സരം.

Related Articles

Latest Articles