Friday, May 17, 2024
spot_img

ചോദ്യപേപ്പർ വിവാദം; കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ രാജിവക്കില്ല; അവധിയിലേക്കെന്ന് സൂചന

കണ്ണൂർ: ചോദ്യപേപ്പർ വിവാദത്തിൽ കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ അവധിയിലേക്കെന്ന് സൂചന. ബിരുദ വിഷയങ്ങളിലെ ചോദ്യപേപ്പർ മുൻ വർഷത്തേത് അതേപടി ആവർത്തിച്ചതിന്റെ പേരിലാണ് വിവാദം ഉടലെടുത്തത്. ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പരീക്ഷാ കൺട്രോളർ രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് അവധിയിലേക്ക് പോകുന്നത്.

സൈക്കോളജി, ബോട്ടണി എന്നീ വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ ആവർത്തിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വിസിയെ കണ്ട് പി.ജെ വിൻസന്റ് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ ഉടൻ രാജി വെയ്‌ക്കേണ്ടെന്ന നിലപാടാണ് കൂടിക്കാഴ്ചയിലുണ്ടായത്. പിന്നാലെ അവധിയിൽ പോകാമെന്ന് തീരുമാനിക്കുകയായിരുന്നു.

ആൾഗേ ആന്റ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്. 2020 ൽ നടത്തിയ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ഈ വർഷവും ചോദിച്ചിട്ടുണ്ട്. അതേസമയം ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ രണ്ടംഗ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

Related Articles

Latest Articles