Thursday, May 9, 2024
spot_img

മലയാളികൾക്ക് ഇത് അഭിമാന നിമിഷം: നാവികസേന മേധാവിയായി ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

ദില്ലി: മലയാളികൾക്ക് അഭിമാനമായി, നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു. ദില്ലി സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയ ആസ്ഥാനത്ത് രാവിലെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷമാണ് തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ ചുമതലയേറ്റത്.

അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് അൻപത്തിയൊൻപതുകാരനായ ഹരികുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചത്. നാവികസേനാ മേധാവിസ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ഹരികുമാര്‍. ഇദ്ദേഹത്തിന് നാവികസേനാ മേധാവിയായി 2024 വരെ തുടരാം.

മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ നിയുക്തനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് അഡ്മിറല്‍ ഹരികുമാര്‍ പറഞ്ഞു. സ്ഥാനമൊഴിയുന്ന മേധാവി കരംബീര്‍ സിങിന് സേനയുടെ നന്ദി ഹരികുമാര്‍ അറിയിച്ചു.

നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് 1983 ജനുവരിയിലാണ് ഇദ്ദേഹം നാവികസേനയിൽ ചേരുന്നത്. തുടർന്ന് ഐഎന്‍എസ് നിഷാങ്ക്, ഐഎന്‍എസ് കോറ, ഐഎന്‍എസ് വിരാട്, ഐഎന്‍എസ് റണ്‍വീര്‍ ഉള്‍പ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എസ് നേവൽ വാർ കോളേജ്, ബ്രിട്ടണിലെ റോയൽ കോളേജ് ഒഫ് ഡിഫൻസ് എന്നിവിടങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി പ്രവര്‍ത്തിക്കുകയായിരുന്നു ഹരികുമാര്‍.

മുംബൈ സര്‍വകലാശാലയിലും യുഎസ് നേവല്‍ വാര്‍ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles